കുന്നംകുളം: ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് ആൻസി സോജനെ കായികകേരളത്തിന് സമ്മാനിച്ച കണ്ണൻ മാഷും, നാട്ടിക ഫിഷറീസ് സ്‌കൂളിലെ മാഷിന്റെ പിള്ളേരും കായികമേളയിൽ 'കസറി'. നാട്ടിക സ്‌പോർട്‌സ് അക്കാഡമിയിലെ 11 പേരെയാണ് കണ്ണൻ മാഷ് ഇത്തവണ കായികമേളയിലെത്തിച്ചത്. ഇതിൽ ആറുപേരും ഫിഷറീസ് സ്‌കൂളിലെ മിന്നുംതാരങ്ങൾ. രണ്ടുദിനം പിന്നിടുമ്പോൾ നാലു സ്വർണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമടക്കം 30 പോയന്റുമായി സ്‌കൂളുകളുടെ പട്ടികയിൽ നാട്ടിക മുന്നിലാണ്. മൂന്നു പേർക്ക്‌വീതം സ്വർണവും വെള്ളിയും, ഒരാൾക്ക് വെങ്കലവും. ഇതിൽ തന്നെ ഇരട്ട സ്വർണവും. സീനിയർ പെൺകുട്ടികളുടെ ലോംഗ് ജംബിൽ അശ്വതി സ്വർണമണിഞ്ഞപ്പോൾ ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിലും ഹാമർത്രോയിലും സ്വർണം നേടി വിസ്മയ താരമായി. അശ്വതിയുടെ സഹോദരി ആരതി സബ്ജൂനിയർ ഷോട്ട്പുട്ടിൽ സ്വർണം നേടി ഇരട്ടിമധുരം നൽകി. ജൂനിയർ ലോംഗ് ജംബിൽ ഗൗരിക്ക് വെള്ളി ലഭിച്ചപ്പോൾ, ജൂനിയർ താരമായിരുന്നിട്ടും സീനിയർ വിഭാഗത്തിൽ മത്സരിച്ച ദുർഗാലക്ഷ്മി 1500 മീറ്ററിൽ വെള്ളി നേടി. ജൂനിയർ 1500 മീറ്ററിൽ വെള്ളിയും 800 മീറ്ററിൽ വെങ്കലവുമായി ശിവനന്ദയും മിന്നിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |