കുന്നംകുളം: റവന്യൂ ജില്ലാ കായികമേളയുടെ കിരീടമുറപ്പിക്കാൻ തൃശൂർ ഈസ്റ്റിന്റെ കുതിപ്പ്. രണ്ട് ദിവസവും ഒന്നാംസ്ഥാനത്ത് നിലയുറപ്പിച്ചിരുന്ന ചാലക്കുടിയെ മൂന്നാം ദിനത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഈസ്റ്റ് മുന്നോട്ടു കുതിച്ചത്. 13 സ്വർണവും 12 വെള്ളിയും ഒമ്പത് വെങ്കലവുമുൾപ്പടെ 129 പോയിന്റാണ് ഇൗസ്റ്റിന്. ഒമ്പത് സ്വർണം, 14 വെള്ളി, 11 വെങ്കലുമായി 116 പോയിന്റുമായി ചാലക്കുടി രണ്ടാംസ്ഥാനത്ത് നിൽക്കുമ്പോൾ ആതിഥേയ ഉപജില്ലയായ കുന്നംകുളം 86 പോയിന്റുമായി മൂന്നാമതാണ്. ഒമ്പത് സ്വർണവും ഏഴ് വെള്ളിയും 10 വെങ്കലവുമാണ് കുന്നംകുളത്തിന്റെ നേട്ടം.
വേഗപ്പോരിൽ സൂപ്പർസ്റ്റാർസ്
കുന്നംകുളം: കൗമാര കായികോത്സവത്തിന്റെ വേഗക്കാരായി സി.ഋഷികേശ്, ഫറ ഫത്മ, എം.അനന്തു, അഭിനന്ദന രാജഷ്, ടി.ആർ.സനീഷ്, സി.എസ്.അന്ന മരിയ. മേളയിലെ സൂപ്പർ ഇനമായ 100 മീറ്ററിന്റെ വേഗപ്പോരിൽ ഇവർ താരങ്ങളായി മാറിയത്. സബ് ജൂനിയർ, ജൂനിയർ, സിനീയർ വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ സെക്കന്റുകളുടെ വിത്യാസത്തിലാണ് പലരും സ്വർണനേട്ടം കൈവരിച്ചത്. സബ് ജൂനിയർ വിഭാഗം 100 മീറ്ററിൽ കുന്നംകുളം സ്പോർട്സ് ഡിവിഷനിലെ സി.ഋഷികേശ് സ്വർണം നേടി. 12 സെക്കന്റിലായിരുന്നു നേട്ടം. പെൺകുട്ടികളുടെ വിഭാഗത്തിൽ ചൂണ്ടൽ എൽ.എഫിലെ ഫറ ഫത്മയും 12 സെക്കന്റിലാണ് നേട്ടം കൊയ്തത്. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കുന്നംകുളം സ്പോർട്സ് ഡിവിഷനിലെ എം.അനന്തു വേഗക്കാരനായി. 11 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ കാൽഡിയൻ സിറിയനിലെ അഭിനന്ദന രാജേഷ് 13 സെക്കന്റിൽ നേട്ടം കെെവരിച്ചു. സിനീയർ വിഭാഗം ആൺകുട്ടികളിൽ കുന്നംകുളം സ്പോർട്സ് ഡിവിഷനിലെ സി.എസ്.സനീഷ് 10 ഫിനിഷ് ചെയ്ത് മേളയുടെ താരമായി. പെൺകുട്ടികളുടെ വിഭാഗത്തിൽ ആളൂർ ആർ.എം.എച്ച്.എസ്.എസിലെ അന്ന മരിയയ്ക്കാണ് സ്വർണം.
മഴ: മൂന്നു മത്സരങ്ങൾ ചേഞ്ച്
കുന്നംകുളം: കായികമേളയുടെ മൂന്നാം ദിനത്തിൽ മഴയും ഇടി മിന്നലിനെയും തുടർന്ന് മൂന്നു മത്സരങ്ങൾ മാറ്റി. സിനീയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോ, ജൂനിയർ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും പോൾ വാൾട്ട് എന്നിവയാണ് ഇന്നത്തേക്ക് മാറ്റിയത്. ഉച്ചയ്ക്കുശേഷം ശക്തമായ ഇടിമിന്നലായിരുന്നു ഉണ്ടായിരുന്നത്.
നാട്ടിക ലീഡിംഗ്
കുന്നംകുളം: സ്കൂൾ വിഭാഗത്തിൽ മേധവിത്വം നിലനിറുത്തി നാട്ടിക ഫിഷറീസ് ഗവ. ഹയർ സെക്കഡറി സ്കൂൾ. മൂന്നാം ദിനം മത്സരം പൂർത്തിയാകുമ്പോൾ ഏഴ് സ്വർണവും മൂന്നു വീതം വെള്ളിയും വെങ്കലവുമായി 47 പോയിന്റാണ് നാട്ടികയ്ക്ക്. മൂന്ന് സ്വർണവും ആറ് വെള്ളിയും എട്ട് വെങ്കലുമായി 41 പോയിന്റുള്ള ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാംസ്ഥാനത്ത്. അഞ്ച് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലുമായി ആളൂർ ആർ.എം ഹയർ സെക്കൻഡറി സ്കൂൾ 38 പോയിന്റുമായി മൂന്നാമതുണ്ട്.
സൗകര്യം പരിമിതമെങ്കിലും നോ കോംപ്രമെെസ്
കുന്നംകുളം: പരിശീലനത്തിന് സൗകര്യം പരിമിതമായിട്ടും ഇഷ്ടയിനത്തിൽ സ്വർണനേട്ടവുമായി തീർത്ഥ നാനി. ഹൈജംബിൽ ലഭിച്ച ആദ്യാവസരം തന്നെ ചാടിക്കടക്കാനായതാണ് തീർത്ഥയ്ക്ക് സ്വർണം നേടിക്കൊടുത്തത്. പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ തീർത്ഥയും വെള്ളി നേടിയ ഐഷ നസ്റിനും 1.44 മീറ്ററാണ് ചാടിയത്. ഒന്നാംസ്ഥാനക്കാരെ കണ്ടെത്താൻ 1.46 മീറ്ററിലേക്ക് ഉയർത്തിയെങ്കിലും ഇരുവർക്കും ചാടാനായില്ല. തുടർന്നാണ് 1.44 മീറ്റർ ആദ്യ അവസരത്തിൽ താണ്ടിയ തീർത്ഥയ്ക്ക് ഒന്നാംസ്ഥാനം ലഭിച്ചത്. ഐഷ രണ്ടാം അവസരത്തിലാണ് ചാടിയത്. മുർക്കനിക്കര സ്വദേശിയാണ് തീർത്ഥ തൃശൂർ സേക്രഡ് ഹാർട്ട് സ്കൂളിലെ ഒമ്പതാം ക്ലാസുകാരിയാണ്. വിനോദ് - വിജയശ്രീ ദമ്പതികളുടെ മകളാണ്.
പരിശീലനത്തിന് സ്കൂളിൽ ആവശ്യമായ സൗകര്യമില്ലാതിരുന്ന തീർത്ഥ ശനിയാഴ്ച മാത്രം പരിശീലകനായ പ്രദീപ് വഴി പാറമേക്കാവ് സ്കൂളിലെ ജംബിംഗ് ബെഡിലാണ് പരിശീലനം നടത്തുന്നത്. ബാക്കി ദിവസങ്ങളിൽ വൈകിട്ട് തോപ്പ് സ്റ്റേഡിയത്തിൽ വ്യായാമവും ഹഡിൽസും പരിശീലിക്കും.
നാലുപേർ നേടി ട്രിപ്പിൾ ഗോൾഡ്
കുന്നംകുളം: കായികമേള ഇന്ന് കൊടിയിറങ്ങാനിരിക്കെ ട്രിപ്പിൾ സ്വർണനേട്ടവുമായി നാല് പേർ. മൂന്ന് ദീർഘദൂര ഓട്ടക്കാരും ഒരു ഹ്രസ്വദൂരക്കാരനുമാണ് സ്വർണം കെയ്തത്. ഇടുക്കി സ്വദേശിയും കുന്നംകുളം സ്പോഴ്ട്സ് ഡിവിഷനിലെ അംഗവുമായ സുജിത് പ്രമോദ്, തൃശൂർ മോഡൽ ബോയ്സ് ഹയർ സെക്കഡറി സ്കൂളിലെ ഇ.ആർ.കാർത്തിക, വൈഗനന്ദ, കുന്നംകുളം സ്പോർട്സ് ഡിവിഷനിലെ സി.ഋഷികേശ് എന്നിവാണ് മൂന്ന് സ്വർണം വീതം നേടിയത്. ജൂനിയർ വിഭാഗത്തിൽ സുജിത് പ്രമോദ് 1500, 800, 3000 മീറ്ററുകളിലായിരുന്നു നേട്ടം കൈവരിച്ചത്. ഇ.ആർ.കാർത്തികയ്ക്കും വൈഗനന്ദയ്ക്കും ഇതേ ഇനങ്ങളിലായിരുന്നു സ്വർണം. ഋഷികേശിന്റെ സ്വർണനേട്ടം 400, 600, 100 മീറ്ററുകളിലായിരുന്നു.
ഇന്ന് ലാസ്റ്റ് ഡെ
തൃശൂർ: കായികമേളയ്ക്ക് ഇന്ന് കൊടിയിറക്കം. കുന്നംകുളം സിന്തറ്റിക് ഗ്രൗണ്ടിൽ വൈകിട്ട് നാലിന് സമാപന സമ്മേളനം എ.സി.മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 19 ഇനങ്ങളിലാണ് ഇന്ന് ഫൈനൽ. 200 മീറ്റർ, റിലേ എന്നിവയാണ് പ്രധാന ഇനങ്ങൾ. നാലു ദിവസത്തെ മേളയിൽ 3,668 താരങ്ങളാണ് പങ്കെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |