SignIn
Kerala Kaumudi Online
Tuesday, 20 October 2026 12.42 AM IST

അനാഥത്വത്തിന്റെ കടലോരത്തുനിന്ന് കാർത്തികേയന് ഇനി 'സ്‌നേഹതീരം'

k
​

വാടാനപ്പിള്ളി: കടലെടുത്ത വീടിന്റെയും നഷ്ടപ്പെട്ട ഉറ്റവരുടെയും ഓർമകളിൽ കടൽത്തീരത്തെ ഷെഡ്ഡിൽ കഴിഞ്ഞുകൂടിയ വയോധികന് കാരുണ്യത്തിന്റെ തണലൊരുക്കി സഹചാരി പ്രവർത്തകരും ജനപ്രതിനിധികളും. പാടൂർ സ്വദേശി ബ്ലാക്കപറമ്പിൽ കാർത്തികേയനെയാണ് (70) മെച്ചപ്പെട്ട പരിചരണവും തുടർചികിത്സയും ഉറപ്പാക്കുന്നതിനായി കോഴിക്കോട് പരുത്തിപ്പാറയിലെ 'സ്‌നേഹതീരം' വൃദ്ധസദനത്തിലേക്ക് മാറ്റിയത്. ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ തീരദേശത്തെ ഒരു ഷെഡ്ഡിന്റെ വരാന്തയിലായിരുന്നു കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കാർത്തികേയൻ ഒറ്റയ്ക്ക് താമസിച്ചിരുന്നത്. വർഷങ്ങൾക്ക് മുൻപ് ഭാര്യയും മകനും മരണപ്പെടുകയും സ്വന്തം വീട് കടലാക്രമണത്തിൽ തകരുകയും ചെയ്തതോടെയാണ് ഇദ്ദേഹം തീർത്തും അനാഥനായത്. ഏങ്ങണ്ടിയൂർ പഞ്ചായത്തിന്റെ 'കരുണം' പദ്ധതി വഴി ലഭിച്ചിരുന്ന ഉച്ചഭക്ഷണം കൊണ്ടായിരുന്നു കാർത്തികേയൻ വിശപ്പടക്കിയിരുന്നത്. ശാരീരിക അവശതകളാൽ ദുരിതത്തിലായ കാർത്തികേയന്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ട വാടാനപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡ് അംഗം പി.കെ. സുധർമ്മൻ ഇദ്ദേഹത്തിന് ഭക്ഷണവും പ്രാഥമിക ചികിത്സയും എത്തിച്ചുനൽകിയിരുന്നു. രോഗം മൂർച്ഛിച്ച ഘട്ടങ്ങളിൽ തൃത്തല്ലൂരിലെ ഓട്ടോഡ്രൈവർ അരുൺ ദാസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് സുധർമ്മൻ തൃത്തല്ലൂർ വെസ്റ്റ് സഹചാരി പാലിയേറ്റീവ് കെയർ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് സഹചാരി പ്രവർത്തകരായ ജാബിർ തൃത്തല്ലൂർ, മുഹമ്മദ് സാബിർ, പ്രതാപൻ വാലത്ത്, പ്രസീത് തൃത്തല്ലൂർ എന്നിവർ സ്ഥലത്തെത്തി. വാടാനപ്പിള്ളി പൊലീസ്, ഏങ്ങണ്ടിയൂർ പതിനൊന്നാം വാർഡ് മെമ്പർ കെ.വി. റോഷ്‌നി ടീച്ചർ, പുതിയേടത്ത് എന്നിവരുടെ ഏകോപനത്തോടെയാണ് കാർത്തികേയനെ കോഴിക്കോട്ടെ സ്‌നേഹതീരത്തിലേക്ക് മാറ്റാൻ നടപടി സ്വീകരിച്ചത്. ഇനിയുള്ള കാലം സുരക്ഷിതമായ അന്തരീക്ഷത്തിൽ കാർത്തികേയന് വിദഗ്ധ പരിചരണവും ഭക്ഷണവും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL