SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

ഗേറ്റ് വേ ഓഫ് ഇന്ത്യയിലും ഗുരുദേവസന്ദേശം; നൃത്തച്ചുവടുകൾ 90 വേദികളിൽ

mohini
മുംബയ് ഗേറ്റ് വേ ഒഫ് ഇന്ത്യക്ക് മുന്നിൽ കലാമണ്ഡലം മാധുരി ദിഗംബരൻ ദൈവദശകം മോഹിനിയാട്ടം അവതരിപ്പിക്കുന്നു.

തൃശൂർ: മുംബയ് ഗേറ്റ് വേ ഒഫ് ഇന്ത്യക്ക് മുന്നിൽ ദൈവദശകം മോഹിനിയാട്ടം അവതരിപ്പിച്ചതോടെ കലാമണ്ഡലം മാധുരി ദിഗംബരൻ പിന്നിട്ടത് 90 വേദികൾ. ശ്രീനാരായണ ഗുരുവിന്റെ വിശ്വമാനവികതയുടെ സന്ദേശം കലാവതരണത്തിലൂടെ പൊതുജനമദ്ധ്യേ എത്തിക്കുന്നതിനായാണ് ദൈവദശകം മോഹിനിയാട്ടം വിവിധ വേദികളിൽ അരങ്ങേറുന്നത്. 2024ൽ ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു മാധുരിയുടെ ആദ്യ ദൈവദശകം മോഹിനിയാട്ടം. പിന്നീട് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി നിരവധി വേദികളിൽ ഗുരുദേവകൃതിക്ക് നൃത്താവിഷ്‌കാരം നൽകി. മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നടന്ന 'ശിവധം' പരിപാടിയിലെ അവതരണത്തോടെയാണ് വേദികളുടെ എണ്ണം 90ലെത്തിയത്.
ദൈവദശകം കൂട്ടായ്മയുടെയും 'എന്റെ ഗുരു - ഗുരുകൃതികൾ ഭാരതീയ നാട്യകലകളിലൂടെ' പദ്ധതിയുടെയും ചീഫ് കോ-ഓർഡിനേറ്റർ കൂടിയാണ് മാധുരി. നൃത്തത്തിലൂടെ ഗുരുദേവന്റെ ദർശനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
2018ൽ കലാമണ്ഡലം കൽപ്പിത സർവകലാശാലയിലെ മോഹിനിയാട്ടം വിഭാഗം മുൻ മേധാവി കലാമണ്ഡലം ഹൈമവതിയാണ് ദൈവദശകം മോഹിനിയാട്ടം രൂപകൽപ്പന ചെയ്ത് ചിട്ടപ്പെടുത്തിയത്. അതേ വർഷം ഏപ്രിൽ 21ന് കൊടുങ്ങല്ലൂരിൽ നടന്ന ബൃഹത്തായ അവതരണം ഗിന്നസ് റെക്കാഡും സ്വന്തമാക്കി. ചേലക്കര സ്വദേശിനിയാണ് മാധുരി ദിഗംബരൻ.

104 ഭാഷകളിലേക്ക്


ദൈവദശകം 104 ലോകഭാഷകളിലേക്ക് മൊഴിമാറ്റി പ്രചരിപ്പിക്കുന്നതിനായി ഗിരീഷ് ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ദൈവദശകം വിശ്വവിശാലതയിലേക്ക്' എന്ന ആഗോള പദ്ധതിയുടെ ഭാഗമാണ് ഈ നൃത്താവിഷ്‌കാരവും. 'എന്റെ ഗുരു - ഗുരുകൃതികൾ ഭാരതീയ നാട്യകലകളിലൂടെ' പദ്ധതിയിലൂടെ ദൈവദശകം, ചിദംബരാഷ്ടകം, ശിവപ്രസാദ പഞ്ചകം, കുണ്ഡലിനിപ്പാട്ട്, വിനായകാഷ്ടകം തുടങ്ങിയ കൃതികളും മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ നൃത്തരൂപങ്ങളിലൂടെ അവതരിപ്പിക്കുന്നുണ്ട്.

സന്ദേശങ്ങൾ ലോകമെങ്ങും
ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ മറികടന്ന് ഗുരുദേവന്റെ വിശ്വമാനവികത, സമത്വം, സാഹോദര്യം, സമാധാനം, സാംസ്‌കാരിക ഐക്യം എന്നീ സന്ദേശങ്ങൾ ലോകമെങ്ങും എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL