SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

ചാക്യാർക്കൂത്തും തായമ്പകയും കഥകളിയും; കലാമണ്ഡലത്തിൽ കലാവിരുന്ന്

photo-
കേരള കലാമണ്ഡലം വാർഷികാഘോഷത്തിന്റെ രണ്ടാം ദിനം മട്ടന്നൂർ ശ്രീരാജ്, കല്ലേക്കുളങ്ങര ആദർശ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന തായമ്പക

ചെറുതുരുത്തി: കേരള കലാമണ്ഡലം വാർഷികാഘോഷത്തിന്റെ രണ്ടാം ദിനം പ്രഭാഷണങ്ങൾ, പുസ്തകചർച്ച, തായമ്പക, നൃത്താവിഷ്‌കാരം, കഥകളി തുടങ്ങി വിവിധ കലാസാംസ്‌കാരിക പരിപാടികളാൽ ശ്രദ്ധേയമായി. കലാമണ്ഡലം സംഗീത് ചാക്യാർ അവതരിപ്പിച്ച ചാക്യാർക്കൂത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നടന്ന പുസ്തകചർച്ചയിൽ ഡോ.എ.എൻ. കൃഷ്ണൻ രചിച്ച വാക്കിന്റെ ഉടലെഴുത്തുകൾ, ഡോ. സദനം ഹരികുമാർ രചിച്ച കഥകളിയുടെ ഘടനാസ്വരൂപം എന്നീ പുസ്തകങ്ങൾ അവലോകനം ചെയ്തു. മട്ടന്നൂർ ശ്രീരാജ്, കല്ലേക്കുളങ്ങര ആദർശ് എന്നിവരുടെ നേതൃത്വത്തിൽ തായമ്പക അരങ്ങേറി.

വൈകിട്ട് നടന്ന മുകുന്ദരാജ സ്മൃതി പ്രഭാഷണത്തിൽ 'കേരളീയ നവോത്ഥാനവും കേരള കലാമണ്ഡലവും' എന്ന വിഷയത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ പ്രഭാഷണം നടത്തി. എൻഡോവ്‌മെന്റ് വിതരണം കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി നിർവഹിച്ചു. 'കൃഷ്ണായനം' ഡോക്യുമെന്ററി പ്രദർശനവും കലാമണ്ഡലം നൃത്തവിഭാഗം അവതരിപ്പിച്ച പൂതപ്പാട്ട് നൃത്താവിഷ്‌കാരവും നടന്നു. രാത്രി നടന്ന സന്താനഗോപാലം കഥകളിയിൽ കലാമണ്ഡലം ഓയൂർ രതീശൻ, കലാമണ്ഡലം കേശവൻ നമ്പൂതിരി, കലാമണ്ഡലം സജീവൻ , കലാമണ്ഡലം ബലരാമൻ, കലാമണ്ഡലം രാംദാസ്, കലാമണ്ഡലം ശിവരാമൻ എന്നിവർ പങ്കെടുത്തു.


ഇന്ന് സമാപനം


വാർഷികാഘോഷത്തിന്റെ സമാപനദിനമായ ഇന്ന് രാവിലെ വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന നടക്കും. 9.30ന് പ്രൊഫ. മ്യൂസ്‌മേരി ജോർജിന്റെ വള്ളത്തോൾ സ്മൃതി പ്രഭാഷണവും തുടർന്ന് കവിസമ്മേളനവും അരങ്ങേറും. വാർഷികസദ്യയ്ക്കശേഷം ചോറ്റാനിക്കര വിജയൻ മാരാർ, ചെർപ്പുളശ്ശേരി ശിവൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം നടക്കും.
ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന വാർഷികസമ്മേളനം സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് നർത്തകി നടരാജനും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറും. രാത്രി എട്ടിന് അമൃത വെങ്കടേഷിന്റെ സംഗീതക്കച്ചേരിയും ഒൻപതു മുതൽ കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന കഥകളിയും നടക്കും. ഇതോടെ വാർഷികാഘോഷ പരിപാടികൾ സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL