തൃശൂർ: പരിമിതികളെ നീന്തിക്കടന്ന് ദേശീയ നീന്തൽക്കുളത്തിൽ മെഡൽക്കൊയ്ത്തിനൊരുങ്ങി സിനി കെ. സെബാസ്റ്റ്യനും ഗബ്രിയേൽ സി. ഫ്രാൻസിസും. ഭോപ്പാലിൽ നവംബർ 12 മുതൽ 16 വരെ നടക്കുന്ന ദേശീയ പാരാ നീന്തൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മെഡൽ നേടുകയാണ് ഇരുവരുടെയും ലക്ഷ്യം. കഴിഞ്ഞ അഞ്ചുവർഷമായി ഡ്വാർഫ് എസ് 6 വിഭാഗത്തിൽ സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ നിരവധി മെഡലുകൾ സ്വന്തമാക്കിയ താരമാണ് സിനി. പുതിയ നേട്ടങ്ങൾ ലക്ഷ്യമിട്ട് കഠിനപരിശീലനം പൂർത്തിയാക്കിയാണ് സിനി ദേശീയ മത്സരത്തിനായി യാത്ര തിരിക്കുന്നത്. ഡൗൺ സിൻഡ്രോം വിഭാഗത്തിൽപ്പെടുന്ന 22കാരനായ ഗബ്രിയേൽ എസ് 14 വിഭാഗത്തിലാണ് മത്സരിക്കുന്നത്. ബ്രെസ്റ്റ് സ്‌ട്രോക്ക്, ഫ്രീസ്റ്റൈൽ ഇനങ്ങളിൽ ഗബ്രിയേൽ മാറ്റുരയ്ക്കും. സംസ്ഥാന പാരാ നീന്തൽ ചാമ്പ്യൻഷിപ്പിൽ 100, 200 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക്ക്, 100 മീറ്റർ ഫ്രീസ്റ്റൈൽ ഇനങ്ങളിൽ സ്വർണം, വെള്ളി മെഡലുകൾ നേടിയാണ് ഗബ്രിയേൽ ദേശീയ മത്സരത്തിന് യോഗ്യത നേടിയത്.
തീവ്ര പരിശീലനം
ദർശന സർവീസ് സൊസൈറ്റി പ്രസിഡന്റ് ഫാ.സോളമൻ കടമ്പാട്ട്പറമ്പിലിന്റെ നേതൃത്വത്തിൽ വിമല കോളേജ് സ്വിമ്മിംഗ് പൂളിലായിരുന്നു മത്സരത്തിനായുള്ള തീവ്ര പരിശീലനം. കഴിഞ്ഞ അഞ്ചു വർഷമായി സിനിക്ക് ആവശ്യമായ എല്ലാ പരിശീലന സൗകര്യങ്ങളും മികച്ച പിന്തുണയും നൽകിവരുന്നത് ദർശന സർവീസ് സൊസൈറ്റിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |