പനമരം: വയനാടൻ പാടങ്ങളിൽ കാലംതെറ്റി തീറ്റതേടിയെത്തിയ താറാവുകൂട്ടങ്ങൾ സഞ്ചാരികൾക്കും കൗതുക കാഴ്ചയൊരുക്കുന്നു. സാധാരണ കൊയ്ത്ത് കഴിഞ്ഞ ഡിസംബർ - ജനുവരി മാസങ്ങളിലാണ് ആലപ്പുഴ, കുട്ടനാട് പ്രദേശങ്ങളിൽ നിന്ന് കർഷകർ താറാവുകളെ മേയ്ക്കാനായി മലയോര മേഖലകളിലേക്ക് വരാറുള്ളത്. മാനന്തവാടി, പനമരം, എന്നിവിടങ്ങളിലെ വലിയ വയലുകളിലും ജലാശയങ്ങൾക്കു സമീപവുമാണ് ആയിരക്കണക്കിന് താറാവുകളടങ്ങുന്ന കൂട്ടങ്ങളെ ഇറക്കിയിട്ടുള്ളത്. ആലപ്പുഴയിലെ വെള്ളപ്പൊക്കവും തീറ്റലഭ്യതക്കുറവും തൊഴിൽ ക്ഷാമവുമാണ് കർഷകരെ വടക്കൻ മലബാറിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. പച്ചപ്പുനിറഞ്ഞ വയനാടൻ പാടങ്ങളിലൂടെ ആയിരക്കണക്കിന് താറാവുകൾ കൂട്ടത്തോടെ നീങ്ങുന്നതും വെള്ളത്തിൽ നീന്തിത്തുടിക്കുന്നതും കാണാൻ നിരവധിയാളുകളാണ് വഴിയോരങ്ങളിൽ കൂടി നിൽക്കുന്നത്.
സാധാരണയായി ചാര, വളർത്ത് നാടൻ, വലിയ വെളുത്ത ഇനമായ വൈറ്റ് പെക്കിൻ തുടങ്ങിയ ഇനം താറാവുകളെയാണ് കൊണ്ടുവരാറ്. എന്നാൽ ഇത്തവണ ചാര മാത്രമാണുളളത്. ഇതിന് മറ്റുളളവയെക്കാൾ പ്രതിരോധ ശേഷി കൂടുതലാണ്.
കോട്ടയം അയമന സ്വദേശി സെൽവരാജൻ, തൃശൂർ സ്വദേശി വിജയൻ, പെരുമാൾ എന്നിവ രാണ് താറാവ് കൂട്ടങ്ങളുമായി എത്തിയിരിക്കുന്നത്.
''ഇവിടെ തീറ്റ കഴിയുമ്പോൾ ചുരമിറങ്ങും. തമിഴ്നാട്, കർണാടക തുടങ്ങി എല്ലായിടത്തും ഞങ്ങൾ പോകും. പാടങ്ങളിൽ അവശേഷിക്കുന്ന ചെറുജീവികളും മീനും മറ്റു കീടങ്ങളുമാണ് താറാവുകളുടെ പ്രധാന ഭക്ഷണം. ഇവയുടെ സാന്നിദ്ധ്യം വയലുകളിലെ കീടങ്ങളെ നശിപ്പിക്കാനും മണ്ണ് ഫലഭൂയിഷ്ഠമാക്കാനും സഹായിക്കും. ''
പെരുമാൾ, ആന്ധ്ര സ്വദേശി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |