പുൽപ്പള്ളി: കടമാൻതോട്, തൊണ്ടാർ ജലസേചന പദ്ധതികളുടെ വിശദ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കുന്നതിനായി ഹൈദരാബാദ് ആസ്ഥാനമായുള്ള ആർ.വി. എൻജിനീയറിംഗ് കൺസൾട്ടന്റ്സിനെ ജലസേചന വകുപ്പ് തിരഞ്ഞെടുത്തു. താൽപ്പര്യപത്രം ക്ഷണിച്ച് ഒരു വർഷത്തിനു ശേഷമാണ് ഈ നടപടി. നിർദ്ദേശ സമർപ്പണത്തിൽ മൂന്ന് മുൻനിര ഏജൻസികളാണ് പങ്കെടുത്തത്. പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭ്യമാകുന്നതോടെ തുക അനുവദിച്ചു നടപടികൾ ആരംഭിക്കും. പദ്ധതികൾക്കായി 2025 ജൂലൈയിൽ 2.34 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയിരുന്നു. തുടർന്ന് ഒക്ടോബറിലാണ് അപേക്ഷ ക്ഷണിച്ചത്. കാവേരി ജലതർക്ക പരിഹാര ട്രിബ്യൂണൽ വിധിപ്രകാരം കേരളത്തിന് അനുവദിച്ച 30 ടി.എം.സി. ജലത്തിൽ ഉൾപ്പെടുന്ന പദ്ധതികളാണിവ. കടമാൻതോട് പദ്ധതിയുടെ ഭാഗമായി 12 ഉപപദ്ധതികൾ വരുന്നുവെന്ന പ്രഖ്യാപനത്തെ തുടർന്ന് വർഷങ്ങളായി ഈ മേഖലയിൽ വലിയ അനിശ്ചിതത്വമാണ് നിലനിന്നിരുന്നത്. പദ്ധതി പ്രദേശങ്ങളിൽ ഭൂമി കൈമാറ്റം നടത്താനോ പുതിയ വീടുകൾ നിർമ്മിക്കാനോ കഴിയാതെ പ്രദേശവാസികൾ വലിയ ബുദ്ധിമുട്ടിലായിരുന്നു. ആറു മാസത്തിനുള്ളിൽ ഡി.പി.ആർ. പൂർത്തിയാകുന്നതോടെ പദ്ധതി പ്രദേശത്തെക്കുറിച്ചും ഏറ്റെടുക്കേണ്ട ഭൂമിയെക്കുറിച്ചുമുള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമാകും. ഇതോടെ ഭൂമിയും വീടുമായി ബന്ധപ്പെട്ട വർഷങ്ങളുടെ കാത്തിരിപ്പിനും ആശയക്കുഴപ്പങ്ങൾക്കും പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് ജനങ്ങൾ. ഇനി ആറുമാസത്തെ കാത്തിരിപ്പ് മതിയെന്ന പ്രതീക്ഷയിലാണ് പ്രദേശങ്ങൾ .
പദ്ധതിയും ലക്ഷ്യങ്ങളും
വരൾച്ചാബാധിത മേഖലകളായ പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകൾക്ക് പദ്ധതികൾ ഏറെ പ്രയോജനപ്പെടും. കടമാൻതോട്: 1.53 ടി.എം.സി. ജലവിനിയോഗത്തിന് അനുമതിയുണ്ടായിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ പദ്ധതിയുടെ ശേഷി 0.51 ടി.എം.സി.യായി കുറച്ചിട്ടുണ്ട്. തൊണ്ടാർ: 1.75 ടി.എം.സി. ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും 0.3 ടി.എം.സി. ശേഷിയുള്ള പദ്ധതിയാണ് പരിഗണനയിലുള്ളത്.
ഡി.പി.ആറിൽ ഉൾപ്പെടുന്നത്
പാരിസ്ഥിതികാഘാത പഠനം നിർമ്മിക്കേണ്ട അണക്കെട്ടിന്റെ ഘടനയും മാതൃകയും ജലസേചന കനാൽ സംവിധാനങ്ങളുടെ രൂപരേഖ സാമ്പത്തികച്ചെലവും ഏറ്റെടുക്കേണ്ട ഭൂമിയുടെ വിവരങ്ങളും 2023ൽ ഭൂപ്രകൃതി സർവേയും ലൈഡാർ സർവേയും പൂർത്തിയായിരുന്നു. ഡി.പി.ആർ. പൂർത്തിയാകുന്നതോടെ കേന്ദ്ര ജല കമ്മിഷൻ, പരിസ്ഥിതി മന്ത്രാലയം എന്നിവയുടെ അനുമതികൾ തേടി നിർമ്മാണത്തിലേക്ക് കടക്കാനാണ് ജലസേചന വകുപ്പിന്റെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |