കേരള കൗമുദി വാർത്തയ്ക്ക് ഫലം
മുള്ളൻകൊല്ലി: ഗ്രാമപഞ്ചായത്തിലെ ജലസ്രോതസുകൾ സംരക്ഷിക്കാനും പരമാവധി ജലം സംഭരിക്കാനും ലക്ഷ്യമിട്ട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് ഊർജ്ജിത നടപടികളിലേക്ക്. ജല സംരക്ഷണ പ്രവർത്തികൾക്കായി ജനപ്രതിനിധികൾ മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം 'കേരള കൗമുദി ' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് ഈ അടിയന്തര ഇടപെടൽ. പഞ്ചായത്തിലെ കടമാൻതോട്, മുദ്ദള്ളിത്തോട് എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ പുതിയ തടയണകൾ നിർമ്മിക്കാനും, നിലവിലുള്ളവയ്ക്ക് ഷട്ടറുകൾ സ്ഥാപിച്ച് വെള്ളം സംഭരിക്കാനും തീരുമാനിച്ചു. കൂടാതെ കോറക്കുഴികളും പൊതു കുളങ്ങളും ആഴുകൂട്ടി വൃത്തിയാക്കി വെള്ളം സംഭരിക്കാനുള്ള പദ്ധതി പ്രദേശങ്ങളും സംഘം നേരിട്ട് സന്ദർശിച്ച് നിശ്ചയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബുവിന്റെ നേതൃത്വത്തിൽ രാവിലെ കടമാൻതോട് പ്രദേശത്താണ് ആദ്യ സന്ദർശനം നടത്തിയത്. വൈകിട്ടോടെ ബാക്കി പദ്ധതി പ്രദേശങ്ങളും സന്ദർശിച്ചു.
വൈസ് പ്രസിഡന്റ് ഷിനു കച്ചിറ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ മിനി മാപ്പനാത്ത്, മുനീർ ആച്ചിക്കുളത്ത്, ഷൈനി സണ്ണി, മറ്റ് വാർഡ് മെമ്പർമാർ. ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഓവർസിയർ കെ.എസ്.സാജു , തൊഴിലുറപ്പ് അസിസ്റ്റന്റ് എൻജിനീയർ ഇ.കെ.ശ്രീജ, ഓവർസിയർമാരായ പി.യു.ബാബു , കെ.ബി.ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. പ്രദേശത്തെ രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരം കാണാൻ 'കേരള കൗമുദി' നൽകിയ മുന്നറിയിപ്പും വാർത്തയുമാണ് ഈ പെട്ടെന്നുള്ള തീരുമാനത്തിന് വഴിയൊരുക്കിയത്. ഇത്തരം പ്രവർത്തനങ്ങൾ പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലും നടപ്പിലാകുമെന്ന് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |