SignIn
Kerala Kaumudi Online
Wednesday, 30 September 2026 2.50 AM IST

ആറളത്തെ മോഴയാനയ്ക്കായി  മുത്തങ്ങയിൽ ആനക്കൊട്ടിൽ ഒരുങ്ങി

ana-
മുത്തങ്ങ ആന പന്തിയിൽ നിർമാണം പൂർത്തിയായ ആനകൊട്ടിൽ

സുൽത്താൻ ബത്തേരി: ആറളം ഫാമിലും പുനരധിവാസ മേഖലയിലും ഭീതി വിതക്കുന്ന മോഴയാനയെ പിടികൂടി കൂട്ടിലടക്കുന്നതിനായി മുത്തങ്ങ ആന പന്തിയിൽ കൂട് ഒരുങ്ങികഴിഞ്ഞു. ആനയെ മയക്കുവെടിവെച്ച് പിടികൂടിയാൽ എത്രയും പെട്ടന്ന് മുത്തങ്ങയിലെ പന്തിയിലെത്തിക്കുന്നതിന് വേണ്ടി നടപടിക്രമങ്ങളും ഇവിടെ പൂർത്തീകരിച്ചുകഴിഞ്ഞു. മോഴയാനയുടെ വലുപ്പത്തിനും കരുത്തിനും ആനുപാതികമായിട്ടാണ് കൂട് നിർമ്മിച്ചിരിക്കുന്നത്. നിലവിലുള്ള ആനകൊട്ടിലുകളോട് ചേർന്നാണ് പുതിയ കൊട്ടിൽ നി‌മ്മിച്ചിരിക്കുന്നത്. നല്ല സൈസിലുള്ള യൂക്കാലിപ്റ്റസ് മരങ്ങൾ കൊണ്ടാണ് കൂട് നിർമ്മിച്ചിരിക്കുന്നത്. തൂണുകളോട് ബന്ധിച്ച് നീളത്തിലും കുറുകനെയുംമായി യൂക്കാലിപ്റ്റസ് ഉരുളുകൾവെച്ചാണ് നിർമ്മാണം നടത്തിയത്.

കൂട്ടിനകത്തേയ്ക്ക് കയറ്റുന്ന ആന അക്രമാസക്തമായി പന്തി അടിച്ച് തകർക്കാനുള്ള ശ്രമം നടത്തിയാൽതന്നെ കൂട് നിർമ്മിച്ച മരം പൊട്ടിപോവുകയില്ല. ചതഞ്ഞ് നിലകൊള്ളുകയെയുള്ളു. മാത്രമല്ല ആനയ്ക്ക് കാര്യമായ പരിക്കും പറ്റുകയില്ല. ഒന്നരമാസം മുമ്പാണ് ആളുകളുടെ ജീവനെടുത്ത മോഴയാനയെ മയക്കുവെടിവെച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയത്. ഓണത്തിന് മുമ്പ് ദൗത്യം പൂർത്തീകരിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ മോഴയെ കണ്ടെത്തെൻ കഴിയാതെ വന്നതോടെ തീരുമാനം നീളുകയായിരുന്നു. ആനയെ മയക്കുവെടിവെയ്ക്കുന്നതിന്റെ മുന്നോടിയായി ആനയുടെ പ്രായം സ്വാഭാവം, ആരോഗ്യ സ്ഥിതി, എന്നിവ മനസിലാക്കുന്നതിനായി പ്രത്യേക നീരീക്ഷണ സംഘത്തെ നിയോഗിച്ചിരുന്നു. ആർ.ആർ.ടി വെറ്ററിനറി സർജൻ ഇല്യാസ് റാവുത്തറിന്റെ നേതൃത്വത്തിലുളള സംഘമാണ് നിരീക്ഷണം നടത്തുന്നത്. ആനയുടെ സാന്നിദ്ധ്യം കണ്ടെത്തി മയക്കുവെടിവെയ്ക്കാൻ അനുയോജ്യമായ സ്ഥലം ലഭിച്ചാൽ വിദഗ്ധ സംഘം ദൗത്യം നിർവ്വഹിക്കും. മയക്കുവെടിവെച്ചാൽ ഉടൻ തന്നെ മുത്തങ്ങയിലെത്തിക്കാനാണ് നീക്കം.

ശല്യക്കാരായ ആനകൾക്ക് വേണ്ടി

ഒരുക്കുന്ന അ‌ഞ്ചാമത്തെ കൂട്

സുൽത്താൻ ബത്തേരി: ജനവാസമേഖലയിലിറങ്ങി ജനങ്ങൾക്ക് നിരന്തരം ശല്യമായി മാറികൊണ്ടിരിക്കുന്ന ആനകളെ പിടികൂടി നല്ലപാഠം പടിപ്പിക്കുന്നതിന് വേണ്ടി മുത്തങ്ങയിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ കൂടാണ് ആറളത്തെ മോഴയ്ക്ക് വേണ്ടി ഇപ്പോൾ നിർമ്മിച്ചിരിക്കുന്നത്. ബ്രിട്ടുഷുകാരുടെ കാലം മുതൽക്കെ ഇവിടെ ആനപന്തി ഉണ്ടായിരുന്നെങ്കിലും ശല്യക്കാരായ ആനകളെ പിടകൂടാൻ വിപുലമായ ആനകൊട്ടിൽ ഒരുക്കാൻ തുടങ്ങിയത് 2016-ലാണ്. കല്ലൂർ കൊമ്പനെ പിടികൂടിയപ്പോഴാണ് വിപുലമായ ആനകൊട്ടിൽ നിർമ്മിച്ചത്. പിന്നീട് വടക്കനാട് കൊമ്പന് വേണ്ടിയായി അടുത്തക്കൂട്. ഈ രണ്ട് ആനകളും നല്ല കുങ്കിയാനയായി മാറി. ഭരത്, വിക്രം എന്നി പേരുകളിൽ വനംവകുപ്പിന്റെ പ്രമുഖ കുങ്കിയാനകളായി കഴിയുന്നു. ഈ രണ്ട് ആനകളുമാണ് ആറളം മോഴയെ പിടിക്കാൻ ഇപ്പോൾ പോയിരിക്കുന്നതും. പിന്നീട് ബത്തേരി പട്ടണത്തിലിറങ്ങി ആളുകളെ ഉപദ്രവിച്ച പി.എം.ടു വിനെ പിടികൂടി കൂട്ടിലാക്കാൻ കൂട് നിർമ്മിച്ചു. അതിനിടെ കണ്ണൂർ ജില്ലയിൽ നിന്നും പരിക്കേറ്റ നിലയിൽ കൊണ്ടുവന്ന ഒരു ആന നേരത്തെയുണ്ടായിരുന്ന കൂട്ടിലിട്ടാണ് ചികിത്സ നടത്തിയത്. ഇത് പിന്നീട് ചരിഞ്ഞു. നേരത്തെ വടക്കനാട് കൊമ്പന്റെ ഒപ്പം ജനങ്ങൾക്ക് ശല്യമായി വിഹരിച്ചുവന്ന മുട്ടികൊമ്പനെ പിടികൂടി കൂട്ടിലടക്കാൻ മൂന്ന് മാസം മുമ്പാണ് കൂട് നിർമ്മിച്ചത്. ഇപ്പോൾ ജില്ലയ്ക്ക് പുറത്ത് നിന്നുള്ള ആനയെ പിടികൂടാനാണ് കൂട് നി‌മ്മിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL