SignIn
Kerala Kaumudi Online
Thursday, 25 June 2026 5.48 PM IST

ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്; പ്രസിഡന്റ് സുരക്ഷിതൻ, അക്രമി അറസ്റ്റിൽ

READ ENGLISH VERSION
donald-trump

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്. ഇന്നലെ രാത്രി വാഷിംഗ്ടൺ ഹിൽട്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ് അസോസിയേഷന്റെ അത്താഴ വിരുന്നിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. തുടർന്ന് ട്രംപിനെയും ഭാര്യ മെലാനിയയെയും സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി. വൈസ് പ്രസി‌ഡന്റ് ജെ ഡി വാൻസും വിരുന്നിൽ പങ്കെടുത്തിരുന്നു.

അത്താഴ വിരുന്നിനിടെ വലിയ വെടിയൊച്ചകൾ കേൾക്കുകയായിരുന്നു. എട്ടോളം വെടിയൊച്ചകൾ കേട്ടുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പത്രപ്രവർത്തകർ, സെലിബ്രിറ്റികൾ, ദേശീയ നേതാക്കൾ തുടങ്ങിയവർ വിരുന്നിൽ സന്നിഹിതനായിരുന്നു. 2600ഓളം പേർ ചടങ്ങിലുണ്ടായിരുന്നതായാണ് വിവരം.

സംഭവത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രശംസിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ച ട്രംപ് അക്രമി പിടിയിലായെന്നും സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. 'സീക്രട്ട് സർവീസും ലോ എൻഫോഴ്‌സ്‌മെന്റും ചേ‌ർന്ന് വേഗത്തിലും ധീരമായും പ്രവർത്തിച്ചു. വെടിയുതിർത്തയാളെ പിടികൂടി. പരിപാടി തുടരട്ടെ എന്ന് ഞാൻ ശുപാർശ ചെയ്തിട്ടുണ്ട്. പക്ഷേ, പൂർണ്ണമായും ലോ എൻഫോഴ്‌സ്‌മെന്റിന്റെ മാർഗനിർദേശപ്രകാരമായിരിക്കും അത് നടക്കുക. അവർ ഉടൻതന്നെ ഒരു തീരുമാനമെടുക്കും'-അദ്ദേഹം വ്യക്തമാക്കി. പരിപാടിയുടെ പ്രതിനിധികളുമായി സംസാരിച്ചതായും 30 ദിവസത്തിനുള്ളിൽ അത്താഴവിരുന്ന് പുനഃക്രമീകരിക്കുമെന്നും ട്രംപ് പറഞ്ഞു.

ട്രംപും പ്രഥമ വനിതയും സുരക്ഷിതരാണെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. വെടിവയ്പ്പിനെക്കുറിച്ച് സജീവമായി അന്വേഷിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും ഏജൻസി അറിയിച്ചു. ഒരാൾ കസ്റ്റഡിയിലുണ്ടെന്ന് അറിയിച്ചെങ്കിലും ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, AMERICA, TRUMP, FIRE, GUNSHOTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360