SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

വിദേശ നാണയ ശേഖരം താഴേക്ക്

fc

സ്വർണം വിറ്റൊഴിഞ്ഞ് റിസർവ് ബാങ്ക്

കൊച്ചി: ആഗോള രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് സ്വർണം വിറ്റഴിച്ചതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം കുത്തനെ ഇടിയുന്നു. മാർച്ച് 20ന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 1140 കോടി ഡോളർ കുറഞ്ഞ് 69,834 കോടി ഡോളറിലെത്തി. തൊട്ടുമുൻപത്തെ വാരത്തിൽ വിദേശ നാണയ ശേഖരത്തിൽ 705 കോടി ഡോളറിന്റെ ഇടിവുണ്ടായിരുന്നു. ഫെബ്രുവരി അവസാന വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 72,849 കോടി ഡോളറിലെത്തി റെക്കാഡിട്ടിരുന്നു.

പശ്ചിമേഷ്യയിൽ യുദ്ധം ശക്തമായതോടെ രൂപയുടെ സ്ഥിരത ഉറപ്പാക്കാൻ റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടതും സ്വർണ വിലയിലുണ്ടായ തകർച്ചയുമാണ് തിരിച്ചടിയായത്. മൂന്നാഴ്ചയ്ക്കിടെ വിദേശ നാണയ ശേഖരത്തിന്റെ മൂല്യത്തിൽ 3,015 കോടി ഡോളറിന്റെ ഇടിവുണ്ടായി.

കഴിഞ്ഞ വാരം സ്വർണ ശേഖരം ഗണ്യമായി കുറഞ്ഞു. സ്വർണത്തിന്റെ മൂല്യം ഇക്കാലയളവിൽ 1,349 കോടി ഡോളർ കുറഞ്ഞ് 11,719 കോടി ഡോളറായി. ഡോളർ, യെൻ, യൂറോ എന്നിവ അടക്കമുള്ള വിദേശ കറൻസികളുടെ മൂല്യം ഇക്കാലയളവിൽ 213 കോടി ഡോളർ ഉയർന്ന് 55,770 കോടി ഡോളറിലെത്തി.

രൂപയ്ക്ക് സംരക്ഷണമൊരുക്കും

ഡോളറിനെതിരെ രൂപയുടെ റെക്കാഡ് മൂല്യത്തകർച്ചയ്ക്ക് തടയിടാൻ റിസർവ് ബാങ്ക് കടുത്ത വിപണി ഇടപെടലുകൾ ആരംഭിച്ചു. വിദേശ നാണയ വ്യാപാര മേഖലയിലെ ഔദ്യോഗിക ഡീലർമാരോട് രൂപയിലെ നെറ്റ് ഓപ്പൺ പൊസിഷൻ പരമാവധി 10 കോടി ഡോളറായി നിയന്ത്രിക്കണമെന്ന് റിസർവ് ബാങ്ക് ഇന്നലെ ആവശ്യപ്പെട്ടു. രൂപയിലെ ഊഹക്കച്ചവടം നിയന്ത്രിക്കുകയാണ് ലക്ഷ്യം.

മാർച്ചിൽ രൂപയുടെ മൂല്യത്തിലെ തകർച്ച

4 ശതമാനം

നിലവിലെ രൂപയുടെ മൂല്യം

94.81

നാണയ വിപണിയിലെ വെല്ലുവിളികൾ

1. വിദേശ ധനകാര്യ നിക്ഷേപകരുടെ പിന്മാറ്റം

2. ക്രൂഡോയിൽ വിലയിലുണ്ടാകുന്ന കുതിപ്പ്

3. ഹോർമുസ് പ്രതിസന്ധി കയറ്റുമതി കുറയ്‌ക്കുന്നു

4. ധന, വ്യാപാര കമ്മി കൂതിച്ചുയരാനുള്ള സാദ്ധ്യത

വിദേശ നാണയ കരുത്ത്

നിലവിൽ 11.2 മാസത്തെ ഇറക്കുമതി നടത്താനും ബാഹ്യ കടബാദ്ധ്യതകൾ പൂർണമായും തീർക്കാനുമുള്ള തുക ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിലുണ്ട്. ആഗോള മേഖലയിലുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും തരണം ചെയ്യാൻ ഇന്ത്യയ്ക്ക് കരുത്താകുന്നതും ഉയർന്ന വിദേശ നാണയ ശേഖരമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360