SignIn
Kerala Kaumudi Online
Thursday, 11 June 2026 3.14 AM IST

തകർന്നടിഞ്ഞ് സ്വർണ വില

gold

പവൻ വില 3,960 രൂപ കുറഞ്ഞു

പശ്ചിമേഷ്യൻ സംഘർഷം തിരിച്ചടി

കൊച്ചി: അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾ ഇറാൻ തിരിച്ചയച്ചതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്നലെ കുത്തനെ ഇടിഞ്ഞു. പശ്ചിമേഷ്യ വീണ്ടും സംഘർഷ രൂക്ഷമാകുമെന്ന ആശങ്കയാണ് സ്വർണത്തിന് തിരിച്ചടിയായത്. ഇതോടെ സിംഗപ്പൂർ വിപണിയിൽ സ്വർണ വില ഔൺസിന് 102 ഡോളർ കുറഞ്ഞ് 4,159 ഡോളറിലെത്തി. മൾട്ടി കമ്മോഡിറ്റി എക്‌സ്ചേഞ്ചിൽ 99.9 ശതമാനം ശുദ്ധതയുള്ള സ്വർണത്തിന്റെ വില പത്ത് ഗ്രാമിന് 4,300 രൂപ കുറഞ്ഞ് 1.56 ലക്ഷം രൂപയിലെത്തി. ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ പവൻ വില രണ്ട് തവണയായി 3,960 രൂപ കുറഞ്ഞ് 1,08,360 രൂപയിലെത്തി. ഗ്രാമിന്റെ വില 495 രൂപ കുറഞ്ഞ് 13,545 രൂപയായി.

യുദ്ധം ശക്തമാകുമെന്ന ഭീതിയിൽ നിക്ഷേപകർ സുരക്ഷിത മേഖലയായ യു.എസ് ബോണ്ടുകൾ, ഡോളർ എന്നിവയിലേക്ക് പണം മാറ്റിയതാണ് സ്വർണത്തിനും വെള്ളിക്കും വിൽപ്പന സമ്മർദ്ദം സൃഷ്‌ടിച്ചത്.

വെള്ളി വില കിലോഗ്രാമിന് 10,000 രൂപ ഇടിവോടെ 2,45,700 രൂപയായി.

ഇന്ധന വിലക്കുതിപ്പ് നാണയപ്പെരുപ്പ ഭീഷണി ശക്തമാക്കുന്നതിനാൽ അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ കൂട്ടാനൊരുങ്ങുന്നതും സ്വർണത്തിന് പ്രിയം കുറച്ചു.

ഗോൾഡ് ഇ.ടി.എഫുകൾക്ക് ക്ഷീണം

വിപണിയിലെ അനിശ്ചിതത്വം ശക്തമായതോടെ ചെറുകിട നിക്ഷേപകർ ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ടുകളിൽ(ഇ.ടി.എഫ്) നിന്നും വലിയ തോതിൽ പണം പിൻവലിക്കുന്നു. അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യയുടെ(എ.എം.എഫ്.ഐ) കണക്കുകളനുസരിച്ച് മേയിൽ നിക്ഷേപകർ 725 കോടി രൂപ ഗോൾഡ് ഇ.ടി.എഫിൽ നിന്ന് പിൻവലിച്ചു. പതിമൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗോൾഡ് ഇ.ടി.എഫുകളിൽ നിന്ന് പണം പുറത്തേക്ക് ഒഴുകുന്നത്. ജനുവരിയിൽ ഗോൾഡ് ഇ.ടി.എഫുകളിൽ 24,039 കോടി രൂപയുടെ അധിക നിക്ഷേപം ലഭിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360