SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.13 AM IST

ജെൻ സിക്ക് താത്പര്യം നിക്ഷേപിക്കാനല്ല, അടിച്ചുപൊളിക്കാൻ

READ ENGLISH VERSION

youthകൊച്ചി: വമ്പൻ ശമ്പളം കൈപ്പറ്റിയാലും പത്തുകാശ് സമ്പാദിക്കുന്നതിൽ ത്രില്ലില്ല. പകരം, മുന്തിയ ഇനം മൊബൈൽ ഫോൺ വാങ്ങും. ക്രെഡിറ്റ് കാർഡിലൂടെ ഇടപാടുകൾ നടത്തും. ഐ.ടി., മാർക്കറ്റിംഗ്, മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ഉയർന്ന വരുമാനമുള്ള പാക്കേജോടെ ജോലി നേടുന്ന യുവതലമുറക്കാണ് നിക്ഷേപങ്ങളോട് താത്പര്യക്കുറവ്. വീടോ സ്ഥലമോ വാങ്ങുന്നതിനെക്കാൾ അടിപൊളി ജീവിതത്തിനോടാണ് ഭൂരിപക്ഷത്തിനും ഇഷ്ടം. നിക്ഷേപ വിദ്യാഭ്യാസം പുതുതായി ജോലിക്ക് കയറുന്നവർക്ക് ലഭിക്കാത്തത് അലസതയ്‌ക്ക് കാരണമാണെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു.

മൊബൈൽ ഫോൺ ഉൾപ്പെടെ ഉപകരണങ്ങളും വാഹനങ്ങളും വാങ്ങുക, യാത്രകളും ആഡംബരങ്ങളും അനുഭവിച്ചു സുഖമായി കഴിയുക എന്നതാണ് ഭൂരിപക്ഷത്തിന്റെയും ശൈലി. ക്രെഡിറ്റ് കാർഡുകളും ഇ വാലറ്റുകളുമാണ് വിനിയോഗിക്കുന്നത്.

വീടോ ഫ്ളാറ്റോ സ്ഥലമോ നിക്ഷേപമായി വാങ്ങുന്ന ശീലം കുറഞ്ഞു. വാടകയ്‌ക്ക് വീടും ഫ്ളാറ്റുകളും സുലഭമായിരിക്കുമ്പോൾ എന്തിന് വാങ്ങണമെന്നാണ് നിലപാട്.

വേണം നിക്ഷേപ വിദ്യാഭ്യാസം

പ്രതിമാസ ശമ്പളത്തിൽ നിന്ന് നിശ്ചിതഭാഗം നിക്ഷേപമായി ഭാവിയിലേയ്‌ക്ക് മാറ്റിവയ്‌ക്കുന്നവർ കുറവാണെന്ന് വിദഗ്ദ്ധർ പറയുന്നു. മെഡിക്കൽ ഇൻഷ്വറൻസ് എടുക്കുന്നവർ വർദ്ധിച്ചിട്ടുണ്ടെങ്കിലും പ്രതിമാസ പദ്ധതികൾ, ഇക്വിറ്റി, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവയിൽ നിക്ഷേപിക്കുന്നവർ വളരെ കുറവാണ്.

ചെറുപ്രായത്തിൽ ഉയർന്ന വരുമാനം ലഭിക്കുന്നവർക്ക് നിക്ഷേപ വിദ്യാഭ്യാസം ലഭിക്കാത്തതാണ് കാരണം. സ്ഥാപനങ്ങളിലെ ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിന് ഇതിൽ പങ്കുവഹിക്കാൻ കഴിയും. ലാഭകരമായ നിക്ഷേപ പദ്ധതികൾ, ഭാവി ആസൂത്രണം തുടങ്ങിയവയെക്കുറിച്ച് ബോധവത്കരണം നൽകിയാൽ യുവതലമുറയുടെ മനോഭാവത്തിൽ മാറ്റം വരുത്താമെന്ന് വിദഗ്ദ്ധർ പറയുന്നു.

വരുമാനത്തിന്റെ 20 നും 30നുമിടയിൽ ഭാവിക്ക് കരുതലാക്കാൻ യുവതലമുറ ശ്രദ്ധിക്കണം. വരുമാനവും ലാഭവും ഉറപ്പുള്ള നിരവധി നിക്ഷേപപദ്ധതികൾ ലഭ്യമാണ്.

ദിനേശ് നായർ, ഡയറക്‌ടർ

ഇക്വിറസ് വെൽത്ത് പ്രൈവറ്റ് ലിമിറ്റഡ്

വാഹന, വ്യക്തിഗത വായ്‌പകൾ എടുക്കുന്ന പ്രവണത യുവതലമുറയിൽ വർദ്ധിച്ചിട്ടുണ്ട്.

ടി. ആന്റോ ജോർജ്

ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ

സൗത്ത് ഇന്ത്യൻ ബാങ്ക്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, GEN C TREND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360