
ഫെയർഫാക്സ് ₹52,878 കോടി നിക്ഷേപിക്കും
60.72 ശതമാനം ഓഹരികൾ കൈമാറും
കൊച്ചി: ഐ.ഡി.ബി.ഐ ബാങ്കിന്റെ 60.72 ശതമാനം ഓഹരികൾ കാനഡയിലെ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ഉപകമ്പനിക്ക് വിൽക്കാൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നൽകി. 52,878.08 കോടി രൂപയുടെ ഇടപാടാണിത്. ഇന്ത്യയുടെ ധനകാര്യ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമാകും ഇതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഓഹരിയൊന്നിന് 81 രൂപ നിരക്കിലാണ് വിൽപ്പന. കേന്ദ്ര സർക്കാരിന്റെ കൈവശമുള്ള 30.48 ശതമാനം ഓഹരികളും എൽ.ഐ.സിയുടെ 30.24 ശതമാനം ഓഹരികളുമാണ് കൈമാറുന്നത്. ഇടപാട് പൂർത്തിയായാൽ കേന്ദ്ര സർക്കാരിന് 15 ശതമാനവും എൽ.ഐ.സിക്ക് 19 ശതമാനവും ഓഹരി ശേഷിക്കും.
ഓഹരി വിൽപ്പന നടപടികൾ 2022ൽ ആരംഭിച്ചതാണെങ്കിലും തർക്കങ്ങളും നടപടിക്രമങ്ങളിലെ തടസങ്ങളും മൂലം അനിശ്ചിതമായി നീളുകയായിരുന്നു. ഈ വർഷം തുടക്കത്തിൽ ബിഡിംഗിൽ ലേലത്തുക സർക്കാർ പ്രതീക്ഷിച്ചതിനേക്കാൾ താഴെയായതിനാൽ നടപടികൾ താത്കാലികമായി നിറുത്തിവച്ചു. പിന്നീട് പുതുക്കിയ സാമ്പത്തിക വാഗ്ദാനങ്ങൾ പരിഗണിച്ചാണ് ഫെയർഫാക്സിനെ തെരഞ്ഞെടുത്തത്.
അടുത്ത ഘട്ടം
കേന്ദ്ര സർക്കാരും ഫെയർഫാക്സുമായുള്ള ഓഹരി വിൽപ്പന കരാർ രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കും. നിയന്ത്രണ വ്യവസ്ഥകൾ പാലിക്കുന്ന റോഡ് മാപ്പ് റിസർവ് ബാങ്കിൽ സമർപ്പിച്ച് അംഗീകാരം നേടണം. രണ്ട് വർഷത്തിനുള്ളിൽ എൽ.ഐ.സിയുടെ ഓഹരി പങ്കാളിത്തം റിസർവ് ബാങ്ക് നിഷ്കർഷിക്കുന്ന 15 ശതമാനത്തിലേക്ക് കുറയ്ക്കണം.
ഫെയർഫാക്സ് ഫിനാൻഷ്യൽസ്
ടൊറോന്റാേ ആസ്ഥാനമായി പ്രവർത്തിക്കുന്ന കനേഡിയൻ ധനകാര്യ കമ്പനിയാണ് ഫെയർഫാക്സ് ഫിനാൻഷ്യൽ. ഹൈദരാബാദിൽ ജനിച്ച കനേഡിയൻ വ്യവസായി വി. പ്രേം വത്സ 1985ലാണ് കമ്പനി സ്ഥാപിച്ചത്.
ഐ.ഡി.ബി.ഐ ബാങ്ക്
ധനകാര്യ വികസന സ്ഥാപനമായി 1964ൽ ആരംഭിച്ച 2004ലാണ് വാണിജ്യ ബാങ്കായി മാറുന്നത്. കേന്ദ്ര സർക്കാരിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിൽ താഴെയായതോടെ 2019 മുതൽ സ്വകാര്യ ബാങ്കായി മാറി. എന്നാൽ കിട്ടാക്കടം അതിഭീകരമായി ഉയർന്ന് ബാങ്കിന്റെ നിലനിൽപ്പ് ഭീഷണിയിലായതോടെ കേന്ദ്ര സർക്കാരും എൽ.ഐ.സിയും 25,000 കോടി രൂപ നിക്ഷേപിച്ചു.
സി.എസ്.ബി ബാങ്കിനെ ലയിപ്പിക്കണോ?
ഫെയർഫാക്സിന് കേരളം ആസ്ഥാനമായ സി.എസ്.ബി ബാങ്കിൽ ഏകദേശം 40 ശതമാനം ഓഹരിയുണ്ട്. ഐ.ഡി.ബി.ഐ ബാങ്ക് ഏറ്റെടുക്കുന്നതോടെ രണ്ട് ബാങ്കുകളിലെ പങ്കാളിത്തം സംബന്ധിച്ച വ്യവസ്ഥകൾ പാലിക്കേണ്ടി വരും. സി.എസ്.ബി ഓഹരികൾ വിൽക്കുകയോ ഐ.ഡി.ബി.ഐയുമായി ലയിപ്പിക്കുകയോ ചെയ്യേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |