
കൊച്ചി: സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് കലൂർ സ്റ്റേഡിയം ഹെലിപ്പാട് ഗ്രൗണ്ടിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. മന്ത്രി അനൂപ് ജേക്കബ് അദ്ധ്യക്ഷത വഹിക്കും.
കോഴിക്കോട് ബീച്ച്, എറണാകുളം കലൂർ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ട്, തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്ക് എന്നിവിടങ്ങളിലാണ് ഇത്തവണ മെഗാ ട്രേഡ്‌ഫെയർ സംഘടിപ്പിക്കുന്നത്.
മറ്റ് 11 ജില്ലകളിൽ പ്രധാന സ്ഥലങ്ങളിൽ സപ്ലൈകോയുടെ ജില്ലാ ഫെയറുകൾ നടക്കും. 14 മുതൽ 25വരെയാണ് ജില്ലാ ഫെയറുകൾ.
ഓണക്കിറ്റുകളും ഓണം ഗിഫ്റ്റ് കാർഡും
ആറുലക്ഷത്തിലധികം എ.എ.വൈ കാർഡ് ഉടമകൾക്ക് സപ്ലൈകോ സൗജന്യ കിറ്റുകൾ നൽകും. പഞ്ചസാര, വെളിച്ചെണ്ണ, തുവരപ്പരിപ്പ്, വൻപയർ, കടല തുടങ്ങി 837.25 രൂപയുടെ തുണി സഞ്ചിയടക്കം 16 ഇന കിറ്റാണ് നൽകുന്നത്. ഓണസദ്യയ്ക്ക് ആവശ്യമായ അരി, വെളിച്ചെണ്ണ, പഞ്ചസാര, വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്ക് സപ്ലൈകോ വില്പന ശാലകളിൽ ലഭിക്കും. 25 ഇനങ്ങൾ അടങ്ങിയ ഉത്രാടം കിറ്റ് 1500 രൂപയ്ക്കും മുപ്പതിനങ്ങളടങ്ങിയ പ്രീമിയം തിരുവോണം കിറ്റ്, 2000 രൂപയ്ക്കും ലഭിക്കും.
ബോണസ് കൂപ്പണും സമ്മാന കൂപ്പണും
1500 രൂപയുടെ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ഓണക്കാലത്ത് 100 രൂപയുടെ മൂല്യമുള്ള ഒരു കൂപ്പൺ നൽകും. സെപ്തംബർ ഒന്ന് മുതൽ ഒക്ടോബർ 31 വരെ ആയിരമോ അതിൽ കൂടുതലോ വിലയ്ക്ക് സപ്ലൈകോ നിന്നും സബ്‌സിഡിയിതര സാധനം വാങ്ങുമ്പോൾ ഈ കൂപ്പൺ റിഡീം ചെയ്യാം. കൂടാതെ 1000 രൂപയുടെ ഓരോ പർച്ചേസിനും ഉപഭോക്താവിന് ഒരു സമ്മാനകൂപ്പൺ നൽകും. ഓണത്തിന് ശേഷം നറുക്കെടുപ്പിലൂടെ വിജയികൾക്ക് മെഗാ സമ്മാനം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |