
കൊച്ചി: കമ്പനികളുടെ ഓഹരി വില കൃത്രിമമായി ഉയർത്തി ചെറുകിട നിക്ഷേപകരെ കബളിപ്പിച്ച് ആയിരക്കണക്കിന് കോടി രൂപ തട്ടിയെടുക്കുന്ന വമ്പൻ ശൃംഖലയെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കി. കമ്പനികളുടെ ഓഹരി വിലയിൽ കൃത്രിമം കാട്ടിയെന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആറു നഗരങ്ങളിലായി 29 കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ആർ.എം ഡ്രിപ് ആൻഡ് സ്പ്രിങ്ക്‌ളേഴ്‌സ് സിസ്റ്റംസ്, ആർ ആൻഡ് ബി ഡെനിംസ് എന്നീ കമ്പനികളുടെ ഓഹരികളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി 200 കോടി രൂപയുടെ വ്യാപാര അക്കൗണ്ടുകൾ മരവിപ്പിച്ചതായി ഇ.ഡി അറിയിച്ചു.
വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഓഹരികൾ വാങ്ങാൻ നിർദേശിച്ച് നിക്ഷേപകരെ ആകർഷിച്ചെന്നാണ് ആരോപണം. ഇതോടെ ഇരു ഓഹരികളിലെയും നിക്ഷേപകരുടെ എണ്ണം 3,400ൽനിന്ന് ഒരു ലക്ഷത്തിലധികമായി ഉയർന്നു. പിന്നീട് ഓഹരിവില ഏകദേശം 70 ശതമാനം ഇടിഞ്ഞതോടെ നിരവധി ചെറുകിട നിക്ഷേപകർക്ക് കനത്ത നഷ്ടമുണ്ടായെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി.
വില കൃത്രിമമായി ഉയർത്തി ചെറുകിട നിക്ഷേപകരെ ആകർഷിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി വ്യാപകമായി വാങ്ങൽ നിർദേശങ്ങൾ നൽകിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി. 2025 ഡിസംബർ അവസാനം മുതൽ 2026 ഫെബ്രുവരി വരെ ‘മൾട്ടിബാഗർ സ്റ്റോക്സ്’ ഉൾപ്പെടെയുള്ള ഗ്രൂപ്പുകളാണ് ദിവസേന നിർദേശങ്ങൾ പ്രചരിപ്പിച്ചത്. ഹരിയാനയിലും മുംബയിലും രജിസ്റ്റർ ചെയ്ത സിം കാർഡുകൾ ഉപയോഗിച്ചെങ്കിലും പ്രവർത്തനം ഗുജറാത്തിലെ ഭാവ്‌നഗറിൽ നിന്നാണെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. നിക്ഷേപകരുടെ പങ്കാളിത്തം വർധിച്ചതോടെ ഓഹരി അനുവദിച്ചു ലഭിച്ചവർ കൈവശമുള്ള ഓഹരികളുടെ ഒരു ഭാഗം വിറ്റതായും ഇ.ഡി ആരോപിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |