
വില 1.26 കോടി രൂപ മുതൽ
ഒറ്റച്ചാർജിൽ 725 കിലോമീറ്റർ റേഞ്ച്
കൊച്ചി: സുരക്ഷയ്ക്കും നൂതന സാങ്കേതികവിദ്യക്കും പ്രാധാന്യം നൽകി വോൾവോയുടെ ആഡംബര ഇലക്ട്രിക് ഫ്ലാഗ്ഷിപ്പ് എസ്.യു.വിയായ ഇ.എക്സ് 90 ഇന്ത്യൻ വിപണിയിൽ. വോൾവോ കാർ ഇന്ത്യ അവതരിപ്പിക്കുന്ന ആദ്യ സോഫ്റ്റ്വെയർ അധിഷ്ഠിത വാഹനമായ ഇ.എക്സ് 90 ആറു സീറ്റുകളോടെയാണ് എത്തുന്നത്. ബുക്കിംഗ് ആരംഭിച്ചു. ഡൽഹിയിൽ നടന്ന 90-90 ഷോയിൽ വോൾവോ കാർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ജ്യോതി മൽഹോത്രയാണ് വാഹനം അവതരിപ്പിച്ചത്. സുരക്ഷ, യാത്രാസുഖം, ദീർഘദൂര യാത്രാശേഷി, സ്വീഡിഷ് ആഡംബരം എന്നിവ സമന്വയിപ്പിച്ച കുടുംബ എസ്.യു.വിയാണിത്. 106 കിലോവാട്ട് അവർ ബാറ്ററിയും ഇരട്ട ഇലക്ട്രിക് മോട്ടോറുകളുമാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകൾ. 456 എച്ച്.പി കരുത്തും 670 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന വാഹനത്തിന് നിശ്ചലാവസ്ഥയിൽനിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലെത്താൻ 5.5 സെക്കൻഡ് മതി. ഡബ്ല്യു.എൽ.ടി.പി മാനദണ്ഡപ്രകാരം ഒറ്റ ചാർജിൽ 625 കിലോമീറ്റർ വരെയും ഐ.സി.എ.ടി റേറ്റിംഗ് പ്രകാരം 725 കിലോമീറ്റർ വരെയും സഞ്ചരിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
അത്യാധുനിക സൗകര്യങ്ങൾ
വോൾവോയുടെ എസ്.പി.എ 2 പ്ലാറ്റ്ഫോമിൽ നിർമ്മിച്ച വാഹനത്തിൽ എൻവിഡിയ ഡ്രൈവ് കമ്പ്യൂട്ടിംഗ് സംവിധാനവും ക്വാൽകോം സ്നാപ്ഡ്രാഗൺ 8155 കോക്ക്പിറ്റ് സാങ്കേതികവിദ്യയുമുണ്ട്. സോഫ്റ്റ്വെയർ അപ്ഡേറ്റുകളിലൂടെ വാഹനത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും പുതിയ സവിശേഷതകൾ ലഭ്യമാക്കാനും കഴിയുന്ന സംവിധാനമാണിത്. അഞ്ച് ക്യാമറകൾ, അഞ്ച് റഡാറുകൾ, 12 അൾട്രാസോണിക് സെൻസറുകൾ എന്നിവ ഉൾപ്പെടുന്ന സുരക്ഷാ സംവിധാനമാണ് മറ്റൊരു പ്രത്യേകത.
മികച്ച സൗകര്യങ്ങൾ
നാപ്പ ലെതർ സീറ്റുകൾ, നാല് മേഖലകളായി ക്രമീകരിക്കാവുന്ന കാലാവസ്ഥാ നിയന്ത്രണ സംവിധാനം, സുതാര്യത മാറ്റാവുന്ന പനോരമിക് സൺറൂഫ്, പ്രകാശം നൽകുന്ന തടി അലങ്കാരങ്ങൾ എന്നിവ ഇന്റീരിയറിന്റെ പ്രത്യേകതകളാണ്. രണ്ടാം നിരയിലെ ക്യാപ്റ്റൻ സീറ്റുകൾക്കിടയിലൂടെ മൂന്നാം നിരയിലേക്ക് പ്രവേശിക്കാം. പിൻസീറ്റുകൾ മടക്കിവയ്ക്കാവുന്നതിനാൽ ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും വർധിപ്പിക്കാം.
വിതരണം ജനുവരി മുതൽ
നവംബറിൽ ഉപഭോക്താക്കൾക്കായി വാഹനപരിചയവും ടെസ്റ്റ് ഡ്രൈവും ആരംഭിക്കും. 2027 ജനുവരിയിൽ വിതരണം തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2026 ഡിസംബർ 31നകം ബുക്ക് ചെയ്യുന്നവർക്ക് 11 കിലോവാട്ട് വാൾബോക്സ് ചാർജറും മൂന്ന് വർഷത്തെ സർവീസ് പാക്കേജും ലഭിക്കും. മൂന്ന് വർഷത്തിനുശേഷം വാഹനത്തിന്റെ മൂല്യത്തിന്റെ 65 ശതമാനം വരെ ഉറപ്പുനൽകുന്ന ബൈബാക്ക് പദ്ധതിയും കമ്പനി വാഗ്ദാനം ചെയ്യുന്നു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |