
വരുമാന വർദ്ധന നേട്ടമായി
കൊച്ചി: ഒരു വർഷത്തിനിടെ കാറുകളുടെ വില ഏകദേശം മൂന്ന് ശതമാനം കൂടിയിട്ടും വിപണിയിൽ ഉപഭോക്താക്കൾക്ക് ആവേശം ഒഴിയുന്നില്ല. പശ്ചിമേഷ്യയിലെ യുദ്ധത്തിന് ശേഷം നാണയപ്പെരുപ്പം രൂക്ഷമായതോടെ കുടുംബങ്ങളുടെ ചെലവിലുണ്ടായ സമ്മർദ്ദം കാർ വിൽപ്പനയെ ബാധിച്ചില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജി.എസ്.ടി നിരക്ക് കുറച്ചതിന്റെ നേട്ടത്തിനൊപ്പം വ്യക്തിഗത വരുമാനവും കൂടിയതോടെ രാജ്യത്തെ പാസഞ്ചർ വാഹന വിപണിയിൽ വിൽപ്പന മികച്ച തോതിൽ മുന്നേറുകയാണെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു. വാഹന നിർമ്മാണച്ചെലവ് ഉയർന്നതിനെ തുടർന്ന് നടപ്പുവർഷം പ്രമുഖകമ്പനികൾ നാല് തവണ വരെ വില വർദ്ധിപ്പിച്ചിരുന്നു. ഒരു വർഷത്തിനിടെ വിലയിൽ അഞ്ച് ശതമാനം വരെ വർദ്ധന വരുത്തി. 2025 സെപ്റ്റംബറിലെ ജി.എസ്.ടി പരിഷ്കരണത്തിലൂടെ ലഭിച്ച വിലക്കുറവിന്റെ നേട്ടമാണ് വിപണിയ്ക്ക് ആശ്വാസമായതെന്ന് വിതരണക്കാർ പറയുന്നു. നാല് മീറ്ററിൽ താഴെയുള്ള കാറുകളുടെ ജി.എസ്.ടി 28ൽ നിന്ന് 18 ശതമാനമായും വലിയ വാഹനങ്ങളുടേത് സെസടക്കം 43–50ൽ നിന്ന് 40 ശതമാനമായും കുറച്ചിരുന്നു.
വാങ്ങൽശേഷി കൂടി
സർക്കാർ കണക്കുപ്രകാരം മൊത്തം ദേശീയ ഡിസ്പോസബിൾ വരുമാനം 2026 സാമ്പത്തിക വർഷത്തിൽ 9.1 ശതമാനം ഉയർന്നു. 2025ൽ 10.2 ശതമാനവും 2024ൽ 10.9 ശതമാനവുമായിരുന്നു വളർച്ച.
ചെറുകാർ വിൽപ്പന മെച്ചപ്പെടുന്നു
ജി.എസ്.ടി ഇളവിന് ശേഷം എസ്.യു.വികൾക്കൊപ്പം ഹാച്ച്ബാക്ക്, സെഡാൻ വിഭാഗങ്ങളിലും ആവശ്യകത മെച്ചപ്പെട്ടു. കോംപാക്ട് സെഡാൻ വിൽപ്പന കഴിഞ്ഞ സാമ്പത്തിക വർഷം 2.7 ലക്ഷത്തിൽ നിന്ന് 3.5 ലക്ഷം യൂണിറ്റായി ഉയർന്നു. ഹാച്ച്ബാക്കും സെഡാനും ചേർന്ന് രാജ്യത്തെ കാർ വിൽപ്പനയുടെ 29 ശതമാനമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |