
ഓഹരിയും രൂപയും മൂക്കുകുത്തി
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുമെന്ന ആശങ്കയും യു.എസ് ട്രഷറി ബോണ്ട് യീൽഡിലെ കുതിപ്പും ഇന്ത്യൻ ഓഹരി വിപണിയിൽ രക്തച്ചൊരിച്ചിൽ സൃഷ്‌ടിച്ചു. ഇറാൻ മുന്നോട്ടുവെച്ച വെടിനിറുത്തൽ, ഹോർമുസ് ഇടനാഴി തുറക്കൽ നിർദേശങ്ങൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയതോടെ ക്രൂഡ് വില ഉയർന്നതാണ് നിക്ഷേപകർക്ക് നെഞ്ചിടിപ്പ് ഉയർത്തിയത്. ബ്രെന്റ് ക്രൂഡോയിൽ വില രണ്ട് ശതമാനം ഉയർന്ന് 107 ഡോളർ കവിഞ്ഞു.
സെൻസെക്‌സ് 1,124 പോയിന്റ് ഇടിഞ്ഞ് 72,771.72ലും നിഫ്‌റ്റി 360.25 പോയിന്റ് ഇടിഞ്ഞ് 22,780.25ലും വ്യാപാരം പൂർത്തിയാക്കി. സെൻസെക്സ് സൂചികയിലെ 30 കമ്പനികളിൽ ഒരെണ്ണം മാത്രമാണ് നേട്ടമുണ്ടാക്കിയത്. എൽ ആൻഡ് ടി, പവർ ഗ്രിഡ് എന്നിവയുടെ ഓഹരി വില മൂന്ന് ശതമാനം ഇടിഞ്ഞു. അദാനി പോർട്ട്‌സ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, റിലയൻസ് ഇൻഡസ്ട്രീസ്, എസ്.ബി.ഐ എന്നിവയുടെ ഓഹരികളും കനത്ത തിരിച്ചടി നേരിട്ടു. മിഡ് കാപ്പ്, സ്മാൾ കാപ്പ് ഓഹരി സൂചികകൾ രണ്ട് ശതമാനം ഇടിഞ്ഞു.
ബി.എസ്.ഇയിലെ കമ്പനികളുടെ മൂല്യത്തിലുണ്ടായ ഇടിവ്
8.92 ലക്ഷം കോടി രൂപ
വീഴ്ചയ്ക്ക് പിന്നിൽ
1. പശ്ചിമേഷ്യൻ സംഘർഷം: യു.എസ് -ഇറാൻ ചർച്ചകൾ വഴിമുട്ടിയതോടെ ഹോർമുസിലൂടെയുള്ള എണ്ണവിതരണത്തെ കുറിച്ച് ആശങ്ക ശക്തമായി
2. ക്രൂഡോയിൽ വില: ക്രൂഡോയിൽ വില 107 ഡോളർ കവിഞ്ഞതോടെ ഇന്ത്യയുടെ ഇറക്കുമതി ചെലവ് കൂടാനും നാണയപ്പെരുപ്പം ഉയരാനും സാദ്ധ്യതയേറി
3. ബോണ്ട് യീൽഡ്: 10 വർഷ യു.എസ് ട്രഷറി യീൽഡ് 5.2 ശതമാനത്തിന് മുകളിലെത്തിയതോടെ പലിശ ഉയർന്ന തലത്തിൽ തുടരുമെന്ന വിലയിരുത്തൽ തിരിച്ചടിയായി
4. വിദേശ നിക്ഷേപ പിന്മാറ്റം: ഉയർന്ന ക്രൂഡ് വിലയും ബോണ്ട് യീൽഡും രൂപയുടെ സമ്മർദ്ദവും ചേർന്നതോടെ വിദേശ നിക്ഷേപകർ വിൽപ്പന ശക്തമാക്കി
രൂപയ്ക്കും സമ്മർദ്ദം
ക്രൂഡോയിൽ വിലക്കുതിപ്പും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രൂപയ്ക്ക് സമ്മർദ്ദം ശക്തമാക്കി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 28 പൈസ നഷ്‌ടത്തോടെ 96.03ൽ അവസാനിച്ചു. പത്ത് വർഷ യു.എസ് ബോണ്ട് യീൽഡ് ഇന്നലെ 5.2 ശതമാനത്തിലെത്തിയതും രൂപയ്ക്ക് തിരിച്ചടിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |