ന്യൂഡൽഹി: ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിൽ രവീന്ദ്ര ജഡേജയെ ഒഴിവാക്കിയതിന് പിന്നാലെ താരത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവമാകുന്നു. ജഡേജയെ ഒഴിവാക്കിയതല്ലെന്നും വിശ്രമം അനുവദിച്ചതാണെന്നുമായിരുന്നു നേരത്തെ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ വ്യക്തമാക്കിയത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം അടുത്ത ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ സാദ്ധ്യതാ പട്ടികയിൽ ജഡേജയ്ക്ക് സ്ഥാനമില്ലെന്നാണ് സൂചന.
2023ൽ നടന്ന ഏകദിന ലോകകപ്പിനുശേഷം ഇന്ത്യ കളിച്ച 32 ഏകദിനങ്ങളിൽ 15 എണ്ണത്തിൽ മാത്രമാണ് ജഡേജയ്ക്ക് അവസരം ലഭിച്ചത്. ഈ മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. സമീപകാലത്തെ ബൗളിംഗ് പ്രകടനത്തിലെ ഇടിവും ജഡേജയുടെ സ്ഥാനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ജഡേജയ്ക്ക് പകരക്കാരനായി പരിഗണിക്കപ്പെടുന്ന അക്സർ പട്ടേലിന്റെ പ്രകടനവും ജഡേജയ്ക്ക് നിർണായമാകും.
കഴിഞ്ഞ ഒരു വർഷത്തിനിടെ ആറ് ഏകദിനങ്ങളിൽ നിന്ന് എട്ട് വിക്കറ്റുകളാണ് അക്സർ നേടിയത്. അതേസമയം, ജഡേജ ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു വിക്കറ്റ് മാത്രമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം അക്സർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എട്ട് ഇന്നിംഗ്സുകളിൽ നിന്ന് 437 റൺസും രണ്ട് അർദ്ധസെഞ്ച്വറികളുമാണ് താരം നേടിയത്.
ബാറ്റിംഗിലും ജഡേജയ്ക്ക് സമീപകാലത്ത് വലിയ സംഭാവനകൾ നൽകാൻ കഴിഞ്ഞിട്ടില്ല. 2023ലെ ലോകകപ്പിനുശേഷം 10 ഇന്നിംഗ്സുകളിൽ നിന്ന് 149 റൺസാണ് താരം നേടിയത്. ബാറ്റിംഗിൽ തിളങ്ങാത്തതിന് പുറമെ ബൗളിംഗിൽ ടീമിന് മികച്ച സംഭാവന നൽകുന്ന ജഡേജയ്ക്ക് ആ മേഖലയിലും പഴയ മികവ് ആവർത്തിക്കാനാകാത്തത് കടുത്ത വെല്ലുവിളിയാണ്.
2027 ലോകകപ്പിന് മുന്നോടിയായി സ്ഥിരതയുള്ള മികച്ച പ്രകടനം നടത്തുന്ന താരങ്ങൾക്ക് അവസരം നൽകാനാകും സെലക്ടർമാർ പരിഗണന നൽകുന്നത്. അക്സർ പട്ടേലിനൊപ്പം വാഷിംഗ്ടൺ സുന്ദറും സ്പിൻ ഓൾറൗണ്ടർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. അതിനാൽ ജഡേജയ്ക്ക് ടീമിലേക്ക് തിരിച്ചെത്തുക കൂടുതൽ ബുദ്ധിമുട്ടാകുമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.
Ravindra Jadeja’s place in India’s ODI setup is under scrutiny following his omission from the squad for the New Zealand series. While captain Shubman Gill said the all-rounder was rested, reports suggest he may not feature in India’s plans for the 2027 World Cup.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |