
കോട്ടയം: കുരുമുളക് വില കിലോയ്ക്ക് 730 രൂപയെന്ന റെക്കാഡ് ഉയരത്തിലെത്തിയിട്ടും ഉത്പാദനം ഇടിഞ്ഞതിനാൽ നേട്ടമില്ലാതെ കർഷകർ. ഉത്തരേന്ത്യയിൽ നവരാത്രിക്ക് പിന്നാലെ ദീപാവലി ഉത്സവകാല ആവശ്യകത വർധിച്ചതാണ് വില ഉയരാൻ കാരണം. ആവശ്യത്തിന് കുരുമുളക് ലഭിക്കാതെ വന്നതോടെ വില കിലോയ്ക്ക് 730 രൂപവരെയെത്തി. പത്തുവർഷം മുമ്പ് രേഖപ്പെടുത്തിയ 700 രൂപയെന്ന റെക്കാഡാണ് മറികടന്നത്.
കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് കുരുമുളക് വള്ളികളിൽ ദ്രുതവാട്ടം വ്യാപകമാകുന്നതാണ് ഉത്പാദനത്തിന് തിരിച്ചടിയാകുന്നത്. തുലാമഴയോടെ ഇലകളിൽ കറുത്ത പാടുകൾ പ്രത്യക്ഷപ്പെടുകയും രോഗം വള്ളികളിലേക്ക് പടരുകയും ചെയ്യുന്നു. ഫൈറ്റോഫ്തോറ കാപ്സിസി എന്ന കുമിളാണ് രോഗത്തിന് കാരണമാകുന്നത്. ഇലകളും തണ്ടുകളും ബാധിക്കപ്പെടുന്നതോടെ ഇലകൾ കൊഴിയുകയും ചെടി നശിക്കുകയും ചെയ്യുന്നു. രോഗബാധയേറ്റ വള്ളികളിലെ കുരുമുളക് മൂപ്പെത്താതെ കൊഴിഞ്ഞുവീഴുന്നതും കർഷകർക്ക് നഷ്ടമുണ്ടാക്കുന്നു.
ക്വിന്റൽ കണക്കിന് കുരുമുളക് വിളവെടുത്തിരുന്ന തോട്ടങ്ങളിൽനിന്ന് ഇപ്പോൾ പത്തും ഇരുപതും കിലോ മാത്രമാണ് ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു. രോഗം ബാധിച്ച് വള്ളികൾ നശിച്ച തോട്ടങ്ങളിൽ പുതിയ വള്ളികൾ നട്ടാലും അവ പിടിച്ചുകിട്ടാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു.
രോഗബാധയേറ്റ വള്ളികളിൽനിന്ന് മൂപ്പെത്തും മുമ്പ് പറിച്ചെടുക്കുന്ന കുരുമുളക് പൊള്ളയായതിനാൽ മികച്ച വില ലഭിക്കുന്നില്ല. രണ്ടാഴ്ചയ്ക്കുള്ളിൽ ചെടി പൂർണമായി നശിക്കാമെന്നതിനാൽ ഭാവിയിലെ ഉത്പാദനത്തെയും ബാധിച്ചേക്കും. കൃഷിവകുപ്പ് പ്രതിവിധികൾ നിർദേശിക്കുന്നുണ്ടെങ്കിലും ഫലപ്രദമല്ലെന്നാണ് കർഷകരുടെ പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |