
കൊച്ചി: രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാൻ റിസർവ് ബാങ്ക് വിപണിയിൽ ഇടപെടൽ തുടരുന്നതിനിടെ രാജ്യത്തിന്റെ വിദേശനാണ്യശേഖരം വീണ്ടും ഇടിഞ്ഞു. ഒക്ടോബർ 30ന് അവസാനിച്ച ആഴ്ചയിൽ ശേഖരം 269.1 കോടി ഡോളർ കുറഞ്ഞ് 71,705.6 കോടി ഡോളറിലെത്തി. തുടർച്ചയായ രണ്ടാം ആഴ്ചയാണ് ശേഖരത്തിൽ ഇടിവുണ്ടാകുന്നത്.
മുൻ ആഴ്ചയിൽ 126.9 കോടി ഡോളറിന്റെ കുറവോടെ ശേഖരം 71,974.8 കോടി ഡോളറായിരുന്നു. വിദേശനാണ്യ ആസ്തികളാണ് പ്രധാനമായും കുറഞ്ഞത്. ഈ വിഭാഗത്തിലെ ശേഖരം 208.8 കോടി ഡോളർ താഴ്ന്ന് 59,111.8 കോടി ഡോളറായി. സ്വർണശേഖരത്തിന്റെ മൂല്യത്തിലും 55.9 കോടി ഡോളറിന്റെ കുറവുണ്ടായി. ഇതോടെ സ്വർണശേഖരത്തിന്റെ മൂല്യം 10,259.1 കോടി ഡോളറായി.
രൂപയുടെ മൂല്യം പിടിച്ചുനിറുത്താൻ റിസർവ് ബാങ്ക് വിപണിയിൽ ഡോളർ വിറ്റഴിക്കുന്നതും വിദേശ കറൻസി നിക്ഷേപങ്ങൾ ഉപയോഗിക്കുന്നതുമാണ് ശേഖരത്തിലെ കുറവിന് പ്രധാന കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സെപ്തംബർ നാലിന് 78,570.6 കോടി ഡോളറെന്ന റെക്കാഡ് ഉയരത്തിലെത്തിയ വിദേശനാണ്യശേഖരം പിന്നീട് തുടർച്ചയായി താഴുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |