
മൂല്യം ആറ് മാസത്തെ ഉയർന്ന തലത്തിൽ
ഇന്നലെ 56 പൈസ നേട്ടത്തോടെ 93.91ൽ എത്തി
കൊച്ചി: വിദേശ നിക്ഷേപകരുടെ മടങ്ങിവരവും ക്രൂഡ് ഓയിൽ വിലയിലെ ഇടിവും കരുത്തായതോടെ ഡോളറിനെതിരെ രൂപയ്ക്ക് വൻ മുന്നേറ്റം. വെള്ളിയാഴ്ച 56 പൈസ ഉയർന്ന് രൂപ 93.91ൽ ക്ലോസ് ചെയ്തു. ഒക്ടോബർ 12ന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന നേട്ടമാണിത്. ആറുമാസത്തെ ഉയർന്ന തലത്തിലാണ് ഇന്നലെ രൂപ വ്യാപാരം പൂർത്തിയാക്കിയത്.
ഇന്ത്യൻ ഓഹരി വിപണിയിലേക്കുള്ള വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപത്തിന്റെ ഒഴുക്കാണ് രൂപയ്ക്ക് പ്രധാന പിന്തുണയായത്. ഈ ആഴ്ച ഏകദേശം 300 കോടി ഡോളറിന്റെ ഇന്ത്യൻ ഓഹരികളാണ് വിദേശ നിക്ഷേപകർ വാങ്ങിയത്. വ്യാഴാഴ്ച മാത്രം 1.6 ബില്യൺ ഡോളറിന്റെ നിക്ഷേപമെത്തി. ആറു വർഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന വാങ്ങലാണിത്.
ക്രൂഡ് ഓയിൽ വിലയിലെ ഇടിവും രൂപയ്ക്ക് ആശ്വാസമായി. ബ്രെന്റ് ക്രൂഡ് വില ഈ ആഴ്ച ഏകദേശം 20 ശതമാനം താഴ്ന്നു. ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവും അതുവഴിയുള്ള ഡോളർ ആവശ്യവും കുറയുമെന്ന പ്രതീക്ഷയാണ് രൂപയ്ക്ക് കരുത്തായത്.
നടപ്പുവാരം രൂപയുടെ മൂല്യം 1.2 ശതമാനം ഉയർന്നു. എങ്കിലും 2026ൽ ഇതുവരെ ഡോളറിനെതിരെ 4.3 ശതമാനമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.
കുതിച്ചുയർന്ന് ഇന്ത്യൻ വിപണി
ആഗോള മേഖലയിലെ കനത്ത തകർച്ചയെ അതിജീവിച്ച് ഇന്ത്യൻ ഓഹരി വിപണി ഇന്നലെ കുതിച്ചുയർന്നു. വിദേശ നിക്ഷേപകരുടെ ശക്തമായ തിരിച്ചുവരവും താരതമ്യേന കുറഞ്ഞ എ.ഐ നിക്ഷേപ പങ്കാളിത്തവും ആഭ്യന്തര വിപണിക്ക് കരുത്തായി. ഇന്നലെ സെൻസെക്സ് 1,718.01 പോയിന്റ് (2.17 ശതമാനം) ഉയർന്ന് 81,028.02ലും നിഫ്റ്റി 493.75 പോയിന്റ് (2.01 ശതമാനം) നേട്ടത്തോടെ 25,030.35ലും ക്ലോസ് ചെയ്തു. തുടർച്ചയായ ആറു വ്യാപാരദിനങ്ങളിലെ മുന്നേറ്റത്തിൽ സെൻസെക്സ് 6,063.98 പോയിന്റും നിഫ്റ്റി 1,837.75 പോയിന്റും നേട്ടമുണ്ടാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |