
വാഷിംഗ്ടൺ: മിഡ് ടേം തിരഞ്ഞെടുപ്പിൽ യു.എസ് കോൺഗ്രസിന്റെ നിയന്ത്രണം റിപ്പബ്ലിക്കൻമാരിൽ നിന്ന് ഡെമോക്രാറ്റുകൾ പിടിച്ചെടുത്തതോടെ 2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ആരെന്ന ചർച്ചകൾ സജീവം. ജോർജിയയിൽ നിന്നുള്ള യുവനേതാവും സെനറ്ററുമായ ജോൺ ഓസേഫിനെ മുൻ നിറുത്തിയാണിത്. ജോർജിയയിലെ സീറ്റ് ഫലത്തോടെ നിലനിറുത്തിയ ഓസേഫ് ശൈലിയും രാഷ്ട്രീയ സമീപനങ്ങളും മുൻനിറുത്തി 'അടുത്ത ബരാക് ഒബാമ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന തീപ്പൊരി നേതാവാണ്.
2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപ് വിജയിച്ച ജോർജിയ സംസ്ഥാനത്ത് നിന്നാണ് 39 കാരനായ ഒസോഫ് മിന്നുന്ന വിജയം നേടിയത്. സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് മുൻതൂക്കം ലഭിക്കുന്നതിൽ വിജയം നിർണായകമായി. ട്രംപിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ചാണ് പ്രചാരണ രംഗം കൊഴുപ്പിച്ചത്. 2017ലാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. 2021ൽ 33ാം വയസിൽ ആദ്യമായി ജോർജിയയിൽ നിന്ന് സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. വെറും 10 വർഷത്തിനുള്ളിൽ ഡോക്യുമെന്ററി നിർമ്മാതാവിൽ നിന്ന് യു.എസിന്റെ അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് വരെ പേര് കേൾക്കുന്ന നേതാവായി ഒസോഫ് മാറിയത് അമേരിക്കൻ രാഷ്ട്രീയത്തിലെ അപൂർവകുതിപ്പായാണ് വിലയിരുത്തപ്പെടുന്നത്.
1987 ഫെബ്രുവരി 16ന് അറ്റ്ലാന്റയിലെ ജൂത കുടുംബത്തിലാണ് ഒസോഫിന്റെ ജനനം. റഷ്യൻ, ലിത്വാനിയൻ പാരമ്പര്യമുള്ളതാണ് അദ്ദേഹത്തിന്റെ കുടുംബം.
മുൻനിരയിൽ
പ്രധാന നേതാക്കൾ
കമല ഹാരിസാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും മുൻതൂക്കമുള്ള നേതാവ്. മുൻ വൈസ് പ്രസിഡന്റ് എന്ന നിലയിൽ പാർട്ടി അനുഭാവികൾക്കിടയിൽ ഏറ്റവും ഉയർന്ന പ്രശസ്തിയും പിന്തുണയും. കാലിഫോർണിയ ഗവർണറായ ഗേവിൻ ന്യൂസം, മുൻ യു.എസ് ഗതാഗത സെക്രട്ടറി പീറ്റ് ബുട്ടിജ്ജ്, പുരോഗമന നേതാവായി അറിയപ്പെടുന്ന അലക്സാണ്ട്രിയ ഒകാസിയോകോർട്ടെസ് തുടങ്ങിയവരും ഈ നിരയിൽ പരിഗണിക്കപ്പെടുന്ന നേതാക്കളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |