SignIn
Kerala Kaumudi Online
Thursday, 24 September 2026 8.38 AM IST

ഒടുവിൽ, ഇന്ത്യയും കരുതൽ എണ്ണ സംഭരണി തുറക്കുന്നു

crude

 നടപടി ക്രൂഡോയിൽ വില കൂടുന്ന പശ്ചാത്തലത്തിൽ

ന്യൂഡൽഹി: കരുതൽ എണ്ണ സംഭരണിയിലെ ക്രൂഡോയിൽ പൊതുവിപണിയിലേക്ക് ഇറക്കാൻ ഇന്ത്യയും ഒരുങ്ങുന്നു. ഉത്‌പാദനം വെട്ടിക്കുറയ്ക്കാൻ ഒപെക് രാഷ്‌ട്രങ്ങൾ തീരുമാനിച്ചിട്ടും അന്താരാഷ്‌ട്ര ക്രൂഡോയിൽ വില കുത്തനെ കൂടുന്ന പശ്ചാത്തലത്തിലാണ്, ഇറക്കുമതി കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ നീക്കം. കരുതൽ ശേഖരമായി (സ്‌ട്രാറ്റജിക് പെട്രോളിയം റിസർവ് - എസ്.പി.ആർ) ഇന്ത്യയ്ക്ക് അഞ്ചു മില്യൺ ടൺ (36.5 മില്യൺ ബാരൽ) ക്രൂഡോയിലുണ്ട്.

മംഗലാപുരം, പദൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് സംഭരണികൾ. ഇവയുടെ ചുമതല ഇന്ത്യൻ സ്‌ട്രാറ്റജിക് പെട്രോളിയം റിസർവിനാണ് (ഐ.എസ്.പി.ആർ). ശേഖരത്തിൽ നിന്ന് ഒരു മില്യൺ ടൺ ആഭ്യന്തര എണ്ണ വിതരണ കമ്പനികൾക്ക് നൽകിയേക്കും. ക്രൂഡോയിൽ വില ഇടിയുമ്പോൾ സംഭരണികൾ വീണ്ടും നിറയ്ക്കും. കഴിഞ്ഞവർഷം ഏപ്രിലിലാണ് ക്രൂഡ് വില ബാരലിന് 30 ഡോളറിൽ താഴെയെത്തിയത് മുതലെടുത്ത് ഇന്ത്യ കരുതൽ സംഭരണികൾ നിറച്ചത്.

ഇന്ധനവില കുറയും

കുറഞ്ഞവിലയ്ക്ക് വാങ്ങി സംഭരിച്ച ക്രൂഡോയിൽ പൊതുവിപണിയിലേക്ക് ഇറക്കുന്നതോടെ പെട്രോളിനും ഡീസലിനും ഉൾപ്പെടെ ഇന്ധനവില കുറയും. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡിന് ഇപ്പോൾ വില ബാരലിന് 72.87 ഡോളറാണ്. കഴിഞ്ഞവർഷത്തെ 30-40 ഡോളർ നിലവാരത്തിൽ നിന്ന് വില കൂടിയ പശ്ചാത്തലത്തിലാണ് എണ്ണവിതരണ കമ്പനികൾ ഇന്ധനവില അനുദിനം കൂട്ടിയത്. ഇതോടെ രാജ്യത്ത് മിക്കയിടത്തും പെട്രോൾ, ഡീസൽ വില ലിറ്ററിന് 100 രൂപയും കടന്നു.

ജപ്പാനും കൊറിയയും

ചൈന കഴിഞ്ഞാൽ ഏഷ്യയിലെ രണ്ടാമത്തെ വലിയ ക്രൂഡ് ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഉപഭോഗത്തിന്റെ 85 ശതമാനം ക്രൂഡും ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ. ക്രൂഡോയിൽ വില കൂടിയ പശ്ചാത്തലത്തിൽ ജപ്പാനും ദക്ഷിണ കൊറിയയും നേരത്തേ തന്നെ കരുതൽ സംഭരണി തുറന്നിരുന്നു.

ഉത്‌പാദനം വെട്ടിക്കുറച്ച് വില കൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യയോട് കരുതൽ സംഭരണി തുറക്കാൻ സൗദി അറേബ്യ നിർദേശിച്ചത്, ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കിയിരുന്നു.

ഇറക്കുമതി 9 മാസത്തെ താഴ്ചയിൽ

ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ ഇറക്കുമതി കഴിഞ്ഞമാസം ഒമ്പതുമാസത്തെ താഴ്‌ചയായ പ്രതിദിനം 39 ലക്ഷം ബാരലിലെത്തിയിരുന്നു. മേയ് മാസത്തേക്കാൾ ഏഴ് ശതമാനവും 2020 ജൂണിനേക്കാൾ 22 ശതമാനവും കുറവാണിത്. ഇറാക്കിൽ നിന്നാണ് ഇന്ത്യ ഏറ്റവുമധികം ക്രൂഡ് വാങ്ങുന്നത്. സൗദി അറേബ്യ, യു.എ.ഇ., നൈജീരിയ എന്നിവയാണ് യഥാക്രമം രണ്ടു മുതൽ നാലുവരെ സ്ഥാനങ്ങളിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, CRUDE OIL, PETROLEUM RESERVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360