SignIn
Kerala Kaumudi Online
Sunday, 13 September 2026 2.01 PM IST

ഇഡിയെ രാഷ്ട്രീയക്കാർ ഇത്രയ്ക്ക് ഭയക്കേണ്ടതുണ്ടോ, എന്തൊക്കെ അധികാരങ്ങളാണ് കേന്ദ്ര ഏജൻസിക്ക് ഉള്ളതെന്ന് അറിയാമോ?

ed
പ്രതീകാത്മക ചിത്രം

കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ഏറ്റവും ഉയർന്നുകേൾക്കുന്ന ഒരു പേരാണ് ഇഡി എന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റേത്. എക്സാലോജിക് മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി നിരോധനനിയമപ്രകാരം കേസെടുക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ശുപാർശചെയ്തതോടെയാണ് ഇഡിയെക്കുറിച്ചുളള ചർച്ച വീണ്ടും എങ്ങും നിറഞ്ഞുതുടങ്ങിയത്.

1956 മേയ് ഒന്നിനാണ് ഈ അന്വേഷണ ഏജൻസി രൂപീകരിച്ചതെങ്കിലും ഇതിനെക്കുറിച്ച് പൊതുജനം കൂടുതൽ കേട്ടുതുടങ്ങിയത് നരേന്ദ്രമോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതുമുതലാണ്. ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കും ബിസിനസുകാർക്കുമെതിരെ ഇഡി അന്വേഷണങ്ങളുടെ ഒരു പരമ്പരതന്നെയുണ്ടായി. പലരും ജയിലിലാവുകയും ചെയ്തു. ഇതോടെ ഇഡിയെ ചുറ്റിപ്പറ്റി വിവാദങ്ങളും കൊഴുത്തു. തങ്ങൾക്ക് എതിരുനിൽക്കുന്നവരെ ഒതുക്കാൻ കേന്ദ്രം ഇഡിയെ കൂട്ടുപിടിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം. ബിജെപിക്കാർക്കെതിരെയോ അവർക്ക് അനുകൂലമായി നിൽക്കുന്നവർക്കെതിരെയോ ഇഡി അന്വേഷണം നടത്തുന്നില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. ഇഡി അന്വേഷണം തുടങ്ങിയതിനുശേഷം ബിജെപി അനുകൂല നിലപാട് സ്വീകരിച്ചവർക്കെതിരെ അന്വേഷണം ഇടയ്ക്കുവച്ചു നിലച്ചതും അവർ ചൂണ്ടിക്കാണിക്കുന്നു.

എല്ലാവരും ഭയക്കുന്ന ഇഡി നടത്തിയ അന്വേഷങ്ങളിൽ ബഹുഭൂരിപക്ഷവും ഒന്നുമെത്താതെ പോയെന്നാണ് മറ്റുചിലർ ചൂണ്ടിക്കാണിക്കുന്നത്. നൂറുകണക്കിനുകേസുകൾ അന്വേഷിച്ചെങ്കിലും അതിൽ ഇതുവരെ ശിക്ഷിക്കപ്പെട്ടത് വളരെ ചുരുക്കമാണെന്നും അവർ തെളിവുകൾ നിരത്തി വാദിക്കുന്നുണ്ട്. ശരിക്കും ഇഡിയെ ഭയക്കേണ്ടതുണ്ടോ, അതിന്റെ അന്വേഷണ രീതി എങ്ങനെയെന്നതിനെക്കുറിച്ചും പരിശോധിക്കാം.

ഉള്ളത് കോടതിയുടെ അധികാരങ്ങൾ

സാമ്പത്തിക നിയമ നിർവഹണം, സാമ്പത്തിക കുറ്റകൃത്യത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണം എന്നിവയ്ക്കായി രൂപീകരിക്കപ്പെട്ട കേന്ദ്ര അന്വേഷണ ഏജൻസിയാണ് ഇഡി. കേന്ദ്ര ധനമന്ത്രാലത്തിലെ റവന്യൂ വകുപ്പിന്റെ ഭാഗമായാണ് ഈ ഏജൻസി പ്രവർത്തിക്കുന്നത്. സ്വന്തം കേഡറിൽ നിന്നുള്ള ഉദ്യോഗസ്ഥരും, ഇന്ത്യൻ റവന്യൂസർവീസ്, ഇന്ത്യൻ കോർപ്പറേറ്റ് ലോ സർവീസ്, ഐപിഎസ്,ഐഎഎസ് ഉദ്യോഗസ്ഥരും ചേരുന്നതാണ് ഇഡിയുടെ അന്വേഷണ ഉദ്യോഗസ്ഥർ. ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനാണ് ഇഡി തലവൻ. 1980ലെ സിവിൽ പ്രാെസീജിയർ കോഡുപ്രകാരം സിവിൽ കോടതിക്ക് തുല്യമായ അധികാരങ്ങളാണ് ഡയറക്ടർക്കുള്ളത്.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, ഫോറിൻ എക്സ്‌ചേഞ്ച് മാനേജ്മെന്റ് ആക്ട് എന്നിവയുടെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. കേസുകളുടെ വിചാരണ നടപടികൾക്കും ഓരോ സംസ്ഥാനത്തും പ്രത്യേകം കോടതികൾ ഉണ്ടാവും. അന്വേഷണം കൊണ്ടുപിടിച്ച് നടക്കുന്നുണ്ടെങ്കിലും ഇതിൽ കോടതിലെത്തിയതും ശിക്ഷിക്കപ്പെട്ടതും വളരെക്കുറച്ചെണ്ണം മാത്രമാണ്.

അറസ്റ്റുചെയ്യാനാവും

വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ സെക്ഷൻ 19 പ്രകാരം ഒരാളെ അറസ്റ്റുചെയ്യാനുളള അധികാരം ഇഡിക്കുണ്ട്. സുപ്രീംകോടതിയും ഈ അധികാരത്തെ ശരിവച്ചിട്ടുണ്ട്. കുറ്റാരോപിതനായ വ്യക്തി കള്ളപ്പണ ഇടപാടിൽ പങ്കാളിയാണെന്ന് വിശ്വസിക്കാൻ കഴിയുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം അറസ്റ്റ്. അതിനുള്ള കാരണങ്ങൾ ഉദ്യോഗസ്ഥർ വ്യക്തമായി രേഖപ്പെടുത്തണം. ഒപ്പം അറസ്റ്റുചെയ്യപ്പെടുന്ന വ്യക്തിയെ എന്ത് കുറ്റത്തിനാണ് അറസ്റ്റുചെയ്യുന്നതെന്ന് ബോദ്ധ്യപ്പെടുത്തുകയും വേണം. അറസ്റ്റിലായ വ്യക്തിയെ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കുകയും വേണം. ഒരു കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രം പ്രത്യേക കോടതി സ്വീകരിച്ചുകഴിഞ്ഞാൽ കോടതിയുടെ അനുമതിയില്ലാതെ ആ പ്രതിയെ നേരിട്ട് അറസ്റ്റുചെയ്യാൻ ഇഡിക്ക് അധികാരമില്ല. കോടതിവഴി പ്രതിക്ക് സമൻസ് അയയ്ക്കുകയാണ് ആ അവസരത്തിൽ ഇഡിക്ക് മുന്നിലുളള മാർഗം.

English Summary

The Enforcement Directorate (ED) has become a major topic in Kerala politics. Discussions have intensified after the ED reportedly recommended that the state government register a case against former Chief Minister Pinarayi Vijayan under the Prevention of Corruption Act in connection with the Exalogic monthly-payment case.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED POWERS INDIA, ഇഡി അധികാരങ്ങൾ, ENFORCEMENT DIRECTORATE POWERS, ED POLITICAL LEADERS, കേന്ദ്ര ഏജൻസി ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360