ഡർബൻ: ക്ഷമയുടെ പരീക്ഷണമാണ് പൊതുവേ ടെസ്റ്റ് ക്രിക്കറ്റ്. ഇന്ന് അഞ്ച് ദിവസമാണ് ഒരു ടെസ്റ്റ് മത്സരത്തിന്റെ പരമാവധി ദൈർഘ്യമെങ്കിൽ ഒരു കാലത്ത് വിജയിയെ കണ്ടെത്തുന്നതുവരെ മത്സരം തുടരുന്ന രീതിയുണ്ടായിരുന്നു. അത്തരത്തിലുള്ള മത്സരങ്ങളെയാണ് 'ടൈംലെസ് ടെസ്റ്റ്' എന്ന് വിളിച്ചിരുന്നത്. 1939 മാർച്ചിൽ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലാണ് അങ്ങനെയൊരു ടെസ്റ്റ് മത്സരം ഡർബനിൽ നടന്നത്.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കായാണ് ഇംഗ്ലണ്ട് അന്ന് ദക്ഷിണാഫ്രിക്കയിലെത്തിയത്. പരമ്പരയിൽ 1-0ന് മുന്നിലായിരുന്ന ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് സമയപരിധിയില്ലാതെ വിജയിയെ കണ്ടെത്തുന്നതുവരെ കളിക്കാനായിരുന്നു ഇരു ടീമുകളും തീരുമാനിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക മൂന്ന് ദിവസത്തോളം ഇംഗ്ലീഷ് ബൗളർമാരെ നേരിട്ടു. ആദ്യ ഇന്നിംഗ്സിൽ 530 റൺസായിരുന്നു പ്രോട്ടീസിന്റെ സ്കോർ. പീറ്റർ വാൻ ഡെർ ബിജൽ 125 റൺസും ഡഡ്‌ലി നൂർസ് 103 റൺസും നേടി. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് പൂർത്തിയാക്കാൻ മാത്രം 13 മണിക്കൂറാണ് എടുത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 316 റൺസ് കൂട്ടിച്ചേർത്തു. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് 214 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡും ലഭിച്ചു. തുടർന്ന് ഫോളോഓൺ ചെയ്യാനുള്ള അവസരം ദക്ഷിണാഫ്രിക്കയ്ക്ക് ഉണ്ടായിരുന്നെങ്കിലും ക്യാപ്ടൻ അലൻ മെൽവിൽ വീണ്ടും ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 481 റൺസ് കൂടി ചേർത്തതോടെ ഇംഗ്ലണ്ടിന് മുന്നിൽ വിജയത്തിനായി 696 റൺസിന്റെ കൂറ്റൻ ലക്ഷ്യമാണ് വേണ്ടിയിരുന്നത്.
മാർച്ച് 9ന് ഇംഗ്ലണ്ട് നാലാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ചു. സമയപരിധിയില്ലാത്തതിനാൽ വലിയ ലക്ഷ്യം പിന്തുടരുമ്പോഴും ഇംഗ്ലണ്ടിന് പ്രത്യേകിച്ച് ധൃതിപ്പെടേണ്ട സാഹചര്യമുണ്ടായിരുന്നില്ല. പക്ഷേ, പതുക്കെ കാര്യങ്ങൾ മാറി. ബിൽ എഡ്രിച്ച് 219 റൺസിന്റെ തകർപ്പൻ ഇന്നിംഗ്സ് പുറത്തെടുത്തു. ജെറി ഗിബ് 120 റൺസും ഇംഗ്ലണ്ട് ക്യാപ്ടൻ വാലി ഹാമണ്ട് 140 റൺസും നേടി. ലക്ഷ്യത്തിലേക്ക് ഇംഗ്ലണ്ട് അതിവേഗം അടുക്കുകയായിരുന്നു. ഒടുവിൽ സ്കോർ 654/5ൽ എത്തി. വിജയിക്കാൻ ഇനി വേണ്ടത് വെറും 42 റൺസ് മാത്രം. പത്ത് ദിവസത്തെ പോരാട്ടത്തിനൊടുവിൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും അവിസ്മരണീയമായ വിജയങ്ങളിലൊന്ന് ഇംഗ്ലണ്ട് സ്വന്തമാക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ അപ്പോഴാണ് മഴ വില്ലനായത്.
മത്സരത്തിനിടെ പലതവണ മഴ കളി തടസപ്പെടുത്തിയിരുന്നു. മഴമാറിയ ശേഷം മത്സരം പുനരാരംഭിച്ചു. മാർച്ച് 14ന് ഇംഗ്ലണ്ട് വീണ്ടും വിജയത്തിലേക്ക് ബാറ്റ് വീശി. 140 റൺസെടുത്ത ഹാമണ്ട് പുറത്തായി. സകോർ 654/5ൽ നിൽക്കെ വീണ്ടും മഴയെത്തി. ഇംഗ്ലണ്ടിന് വിജയിക്കാൻ ഇനി 42 റൺസ് മാത്രം. എന്നാൽ ഇത്തവണ തടസം മഴ മാത്രമായിരുന്നില്ല. കലണ്ടറായിരുന്നു ഇംഗ്ലണ്ടിന്റെ മുന്നിലെ യഥാർത്ഥ വില്ലൻ.
ഇംഗ്ലണ്ടിന്റെ മടക്കയാത്ര നേരത്തേ തന്നെ നിശ്ചയിച്ചിരുന്നതിനാൽ മാർച്ച് 17ന് ബ്രിട്ടനിലേക്കുള്ള യാത്രയ്ക്കായി അത്‌ലോൺ കാസിൽ എന്ന കപ്പലിൽ ടീമിന് കയറേണ്ടതായിരുന്നു .അതിനാൽ 'ടൈംലെസ് ടെസ്റ്റ്' ക്രിക്കറ്റിന് മുന്നിൽ അനന്തമായി തുടരാമായിരുന്നെങ്കിലും ഇംഗ്ലണ്ടിന്റെ യാത്രയ്ക്ക് സമയപരിധിയുണ്ടായിരുന്നു. മത്സരം ഇനിയും തുടരുകയാണെങ്കിൽ ഇംഗ്ലണ്ടിന് ട്രെയിനും കപ്പലും നഷ്ടപ്പെടുമായിരുന്നു. അതോടെ മത്സരം വിജയിയെ കണ്ടെത്താതെ അവസാനിപ്പിക്കാൻ ഇരു ടീമുകളുടെയും ക്യാപ്ടന്മാർ തമ്മിൽ ധാരണയിലെത്തി. 696 റൺസിന്റെ ലക്ഷ്യത്തിൽ നിന്ന് വെറും 42 റൺസ് മാത്രം അകലെ, 654/5 എന്ന നിലയിൽ ഇംഗ്ലണ്ട് നിൽക്കെ മത്സരം സമനിലയിൽ അവസാനിപ്പിച്ചു.
കലണ്ടർ പ്രകാരം 12 ദിവസങ്ങളിലായാണ് മത്സരം നടന്നത്. ഇതിൽ 10 ദിവസമാണ് യഥാർത്ഥത്തിൽ കളി നടന്നത്. ആകെ 43 മണിക്കൂറും 16 മിനിട്ടും നീണ്ടുനിന്ന പോരാട്ടത്തിൽ 1,981 റൺസാണ്പിറന്നത്. എന്നിട്ടും വിജയിയെ കണ്ടെത്താനായില്ല. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പുരുഷ ടെസ്റ്റ് മത്സരമെന്ന റെക്കോർഡ് ഇന്നും ഈ മത്സരത്തിന്റെ പേരിലാണ്.
n 1939, England and South Africa played cricket’s longest-ever “Timeless Test” in Durban, with no fixed time limit. The match lasted 10 days of play and produced 1,981 runs. South Africa set England a massive target of 696, but England reached 654/5, needing just 42 more runs for victory.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |