ന്യൂഡൽഹി: ചിലപ്പോൾ ഒരാളുടെ ജീവിതം മാറ്റാൻ കോടിക്കണക്കിന് രൂപയൊന്നും വേണ്ടിവരില്ല. ഒരു ഗ്ലാസ് വെള്ളവും ഒരു നേരത്തെ ഭക്ഷണവും നാട്ടിലേക്കുള്ള ഒരു ടിക്കറ്റും മാത്രം മതിയാകും. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രോഗബാധിതയായ അമ്മയെ കാണാൻ ഡെലിവറി ഏജന്റിന് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് നൽകിയ യുവാവിന്റെ പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അങ്കിത് പാണ്ഡെ എന്ന യുവാവാണ് തനിക്കുണ്ടായ ഒരു അനുഭവം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്.
'മുൻപും വീട്ടിൽ ഭക്ഷണം എത്തിച്ചിട്ടുള്ള ഡെലിവറി ഏജന്റാണ് അന്നും എത്തിയത്. ഭക്ഷണം കൈമാറിയ ശേഷം മടിയോടെ അദ്ദേഹം കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം ചോദിച്ചു. ഞാൻ അദ്ദേഹത്തെ വീടിനുള്ളിലേക്ക് ക്ഷണിക്കുകയും വെള്ളം നൽകുകയും ചെയ്തു. സംസാരിക്കുന്നതിനിടയിൽ ഡെലിവറി ഏജന്റിന്റെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. കാര്യം അന്വേഷിച്ചപ്പോൾ 'ഒന്നും ശരിയാകുന്നില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അന്ന് രാവിലെ അമ്മ പടിക്കെട്ടിൽ നിന്ന് വീണെന്നും ഗുരുതരാവസ്ഥയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം നാട്ടിലേക്ക് പോകാൻ രാത്രി 11 മണിക്ക് ഒരു ട്രെയിൻ മാത്രമാണുള്ളത്. നാട്ടിലെത്താൻ 30 മണിക്കൂറോളം സമയമെടുക്കും. 'എനിക്ക് അമ്മയെ സമയത്തിന് കാണാൻ കഴിയുമോ എന്ന് പോലും അറിയില്ല,' ഡെലിവറി ഏജന്റ് സങ്കടത്തോടെ പറഞ്ഞു.
അന്ന് അദ്ദേഹം ഒന്നും കഴിച്ചിട്ടില്ലെന്ന് മനസിലാക്കി എനിക്കുകൊണ്ടുവന്ന ഭക്ഷണം തന്നെ അദ്ദേഹത്തിന് കഴിക്കാൻ നൽകി. തുടർന്ന്, 4,000 രൂപയുടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്തു നൽകുകയും ചെയ്തു. ആദ്യമായാണ് വിമാനത്താവളത്തിൽ പോകുന്നതെന്നും വിമാനയാത്രയെക്കുറിച്ച് ആശങ്കയുണ്ടെന്നും ഡെലിവറി ഏജന്റ് പറഞ്ഞപ്പോൾ വിമാനത്താവളത്തിലുള്ള എന്റെ സുഹൃത്ത് സഹായിക്കുമെന്ന് പറഞ്ഞ് ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.
മണിക്കൂറുകൾക്കകം നാട്ടിലെത്തിയ ഡെലിവറി ഏജന്റ് അമ്മയെ കണ്ടു. പിന്നീട് എന്നെ വിളിച്ച് നന്ദി അറിയിക്കുകയും അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും 24 മണിക്കൂറിനുള്ളിൽ സുഖം പ്രാപിക്കുമെന്നും അറിയിച്ചു. വിമാന ടിക്കറ്റിനായി ഞാൻ ചെലവഴിച്ച 4,000 രൂപ ഡെലിവറി ഏജന്റ് പിന്നീട് തിരികെ അയച്ചു നൽകിയിരുന്നു. എന്നാൽ ആ തുക ഞാൻ വീണ്ടും അദ്ദേഹത്തിന് തന്നെ അയച്ചുകൊടുക്കുകയും അമ്മയുടെ ചികിത്സ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ആവശ്യപ്പെടുകയും ചെയ്തു'. - യുവാവ് കുറിച്ചു.
പോസ്റ്റ് വൈറലായതോടെ യുവാവിന്റെ പ്രവർത്തിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 'നിങ്ങൾ രണ്ടുപേരും മുത്താണ്. ബുദ്ധിമുട്ടേറിയ സമയങ്ങളിൽ ചെയ്യുന്ന ചെറിയ സഹായങ്ങൾ പോലും വലിയ മാറ്റങ്ങളുണ്ടാക്കും,' ഒരാൾ കുറിച്ചു. 'മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് നിങ്ങളുടെ പ്രവർത്തി,' മറ്റൊരാൾ കമന്റ് ചെയ്തതു.
A Zomato delivery agent received a flight ticket from customer Ankit Pandey to visit his critically ill mother in ICU. Facing a 30-hour train journey, Pandey booked a ₹4,000 flight ticket, enabling the agent to reach home in hours. The agent's mother's health subsequently improved. After the agent returned the ticket cost, Pandey sent the amount back for the mother's medical expenses.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |