
പ്രയാഗ്‌രാജ്: വിവാഹവാഗ്‌ദാനം നിറവേറ്റാനായില്ലെങ്കിലും പ്രായപൂർത്തിയായ രണ്ടുപേർ തമ്മിൽ ദീർഘനാളായുള്ള ലൈംഗികബന്ധത്തെ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. സഞ്ജയ് കുമാർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് വിവേക് കുമാർ സിംഗിന്റെ സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിരുന്ന പ്രതിയെ കോടതി വേറുതേവിട്ടു.
കേസിൽ വാദം കേട്ട കോടതി രേഖകൾ വിശദമായി പരിശോധിച്ചു. പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമാണ് നടന്നതെന്ന് വ്യക്തമായി. അതിനാൽ പ്രഥമദൃഷ്‌ട്യാ പ്രതിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതി കണ്ടെത്തി. കൂടാതെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത ശേഷം പ്രതിയാക്കപ്പെട്ട യുവാവ് പരാതിക്കാരിയെ വിവാഹം കഴിച്ചു. വിവാഹത്തിലേക്ക് നയിക്കാനാണ് യുവാവിന്റെ പേരിൽ ബലാത്സംഗപരാതി നൽകിയതെന്ന് ഇതിലൂടെ വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. വൈദ്യപരിശോധനയിലും യുവതി പീഡനത്തിനിരയായതായി കണ്ടെത്താനായില്ല.
ഐപിസി 376, 323, 504, 506 വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നത്. ഇത് അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും യുവാവിനെതിരെ നടപടിയെടുക്കുന്നത് ജുഡീഷ്യൽ പ്രക്രിയയുടെ ഗുരുതരമായ ദുരുപയോഗമാണെന്നും കോടതി കണ്ടെത്തി. 2019ലാണ് കേസ് രജിസ്റ്റർ ചെയ്‌തത്. 2014 മുതൽ 2019 വരെ ഏകദേശം അഞ്ച് വർഷം ഇരുവരും തമ്മിൽ ശാരീരിക ബന്ധം തുടർന്നു. ദീർഘകാലമുള്ള ബന്ധത്തിന് ശേഷം ബലാത്സംഗമെന്ന് പരാതി നൽകുന്നത് നിയമങ്ങളെ ദുരുപയോഗം ചെയ്യലാണെന്നും കോടതി കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |