SignIn
Kerala Kaumudi Online
Saturday, 20 June 2026 3.31 AM IST

ഡൽഹിയിൽ എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം

sfiprotest1

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച, സി.ബി.എസ്.ഇ മൂല്യനിർണ വിവാദം തുടങ്ങിയവയുടെ ഉത്തരാവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ ഡൽഹിയിൽ നടത്തിയ മാർച്ചിൽ സംഘർഷം. ഇന്ദർജിത് ഗുപ‌്ത മാർഗിൽ സി.പി.എം ആസ്ഥാനമായ ഹർകിഷൻ സുർജിത് ഭവനുമുമ്പിൽ നിന്ന് തുടങ്ങിയ മാർച്ച് മാതാ സുന്ദരി വനിതാ കോളേജിനടുത്തെത്തിയപ്പോൾ പൊലീസ് തടഞ്ഞു. ഇതോടെ സംഘർഷം ഉടലെടുത്തു. മാർച്ചിന് പൊലീസ് അനുമതി നൽകിയിരുന്നില്ല.

പൊലീസിന്റെ ബാരിക്കേഡുകൾ മറികടന്ന് വിദ്യാർത്ഥികൾ ഒരു കിലോമീറ്ററോളം മുന്നോട്ട് പോയി. തുടർന്ന് കൂടുതൽ പൊലീസെത്തി സംസാരിച്ച് ശാന്തമാക്കി. വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കാണണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം പൊലീസ് അംഗീകരിച്ചു.

തുടർന്ന് നാല് നേതാക്കൾ കർത്തവ്യഭവനിലെ വിദ്യാഭ്യാസ മന്ത്രാലയത്തിലെത്തിയെങ്കിലും ഒരു മണിക്കൂർ കാത്തിരുന്നിട്ടും മന്ത്രിയെ കാണാനായില്ല. വിദ്യാർത്ഥികൾ അവിടെ കുത്തിയിരുപ്പ് സമരം ആരംഭിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ചൊവ്വാഴ്ച ജൂൺ 23ന് മന്ത്രിയെയോ, ഉന്നത ഉദ്യോഗസ്ഥനെയോ കാണാൻ അനുവദിക്കാമെന്ന് സമ്മതിച്ചു. ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കുക, നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം വിദ്യാർത്ഥികൾ മന്ത്രാലയത്തിൽ നൽകി. ഇതേ ആവശ്യങ്ങളുയർത്തി അഞ്ചുലക്ഷം ഒപ്പുകൾ ശേഖരിക്കുന്നുണ്ട്.

എസ്.എഫ്.ഐ ദേശീയ അദ്ധ്യക്ഷൻ ആദർശ് എം. സജി, ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടചാര്യ, കേന്ദ്ര കമ്മിറ്റി അംഗം അഭിജിത്ത് മണിലാൽ,​ ഡൽഹി അദ്ധ്യക്ഷൻ സൂരജ് ഇളമൺ, സെക്രട്ടറി അയിഷ് ഘോഷ്, അഖിലേന്ത്യാ ഉപാദ്ധ്യക്ഷ ശിൽപ സുരേന്ദ്രൻ, ഡൽഹി സംസ്ഥാന കമ്മിറ്റി അംഗ മെഹിന ഫാത്തിമ, ജെ.എൻ.യു വൈസ് പ്രസിഡന്റ് ഗോപിക ബാബു തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SFI PROTEST DELHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360