
ന്യൂഡൽഹി: ആറ് എം.പിമാർ പാർട്ടി വിടുമെന്നുറപ്പായതോടെ 60-ാം സ്ഥാപക ദിനാഘോഷങ്ങൾ വെട്ടിക്കുറച്ച് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. അതേസമയം വിമത എം.പിമാർ ജൂൺ 21 അല്ലെങ്കിൽ 22ന് ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ സമീപിച്ച് ഏക്‌നാഥ് ഷിൻഡേ നേതൃത്വം നൽകുന്ന ശിവസേനയിൽ ലയിക്കുന്നതിന് ഔദ്യോഗിക അവകാശവാദം ഉന്നയിക്കുമെന്നാണ് സൂചന. ന്യൂഡൽഹിയിൽ നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ വിട്ടുനിന്ന സഞ്ജയ് ജാദവ്, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ അഷ്ടികർ, ഭൗസാഹെബ് വാക്ചൗരെ, സഞ്ജയ് ദിന പാട്ടീൽ, ഓംരാജെ നിംബാൽക്കർ എന്നീ എം.പിമാരാണ് ഷിൻഡേ ക്യാമ്പിലേക്ക് പോകുന്നത്. ഇവർക്കെതിരെ കടുത്ത നടപടികളെടുത്ത് ലയനം തടയാൻ ഉദ്ധവ് വിഭാഗവും ശ്രമിക്കുന്നു.
നേതൃത്വത്തിന്റെ നിലപാടുകൾ കാരണമാണ് പാർട്ടി വിടുന്നതെന്ന് വിമതർ സ്‌പീക്കറെ കണ്ട് ബോധിപ്പിച്ചിരുന്നു. 2005ൽ നാരായൺ റാണെ, 2006ൽ രാജ് താക്കറെ, 2022ൽ ഏക്‌നാഥ് ഷിൻഡെയുടെ കലാപം തുടങ്ങിയവ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ വന്ന പിഴവുകളെ തുടർന്നാണെന്നും അവർ ആരോപിച്ചു.
അതേസമയം വിമതർ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായിച്ചവരെ ഒറ്റിക്കൊടുത്ത ലജ്ജയില്ലാത്തവരും, നന്ദികെട്ടവരും, അഴിമതിക്കാരുമാണെന്ന് ഉദ്ധവിന്റെ മകൻ ആദിത്യ താക്കറെ പറഞ്ഞു.
ശിവസേന പിളർപ്പിൽ ബി.ജെ.പിക്ക് പങ്കില്ലെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു. വിഷയം രണ്ട് ശിവസേന വിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തര പ്രശ്നമാണ്. ഇത് വളരെക്കാലമായി തുടരുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |