
ന്യൂഡൽഹി: നടപ്പാത കാൽനട യാത്രക്കാരുടെ മൗലികാവകാശമെന്ന് സുപ്രീംകോടതി വിധിച്ചു ഭരണഘടനയിലെ അനുച്ഛേദം 19(1)(ഡി) പൗരന്മാർക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. കൃത്യമായി നിർമ്മിച്ച നടപ്പാതയും അതിലൂടെയുള്ള സഞ്ചാരവും അതിലുൾപ്പെട്ടതാണ്. ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗവുമാണ്. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടതാണിത്. ആ അവകാശത്തെ തടസപ്പെടുത്താൻ വാഹനയാത്രക്കാരെ അനുവദിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നടപ്പാതകളിൽ കൂടിയാണ് പലരുടെയും വാഹനമോടിക്കൽ. കാൽനടയാത്രക്കാരെ ശല്യമായാണ് ഇത്തരക്കാർ കാണുന്നത്. കാൽനടയായി പോകുന്നവർക്ക് നേരെ കുതിര കയറുകയാണ്. ഈ പ്രവണത അവസാനിപ്പിക്കണം. വാഹനയാത്രക്കാരുടെ സഞ്ചാരത്തേക്കാൾ പ്രാധാന്യം കാൽനടയാത്രക്കാരുടെ നടപ്പാത ഉപയോഗിക്കാനുള്ള അവകാശത്തിനാണ്. വാഹനങ്ങൾ കാരണം നടപ്പാതകൾ ഉപയോഗിക്കാൻ കഴിയാത്തത് നഗര സംസ്‌കാരത്തിന്റെ പ്രശ്‌നമാണെന്നും കോടതി വ്യക്തമാക്കി. പൊതുതാത്പര്യഹർജി പരിഗണിച്ചാണ് ഇടപെടൽ.
നഷ്‌ടപരിഹാരം ചോദിക്കാം
നടപ്പാത നിർമ്മിച്ച് പരിപാലിക്കാനുള്ള ഉത്തരവാദിത്വം നഗരവികസന അതോറിട്ടികൾ, മുനിസിപ്പൽ കോർപേറഷൻ,മുനിസിപ്പാലിറ്റി,പഞ്ചായത്തുകൾ എന്നിവയ്‌ക്കാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സുഗമമായ കാൽനടയാത്ര നിഷേധിക്കപ്പെട്ടാലും അപകടം സംഭവിച്ചാലും പൗരന്മാർക്ക് നഷ്‌ടപരിഹാരത്തിന് അർഹതയുണ്ട്. മോട്ടോർ വാഹന നിയമം ഉപയോഗിച്ച് അധികൃതരെ എതിർകക്ഷികളാക്കി കേസ് കൊടുക്കാവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |