ന്യൂഡൽഹി: രാജ്യത്ത് പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വർദ്ധിപ്പിച്ച ഇന്ധനവില കുറച്ചു. ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (എടിഎഫ്) വിലയിലാണ് അഞ്ച് രൂപയുടെ കുറവുണ്ടായത്. ഇതോടെ എടിഎഫിന്റെ വില ലിറ്ററിന് 110 രൂപയായി. നിലവിൽ ആഭ്യന്തര വിമാനങ്ങൾക്ക് മാത്രമാണ് വിലക്കുറവ് ബാധകമാകുന്നത്. യുഎസ്-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാന ഇന്ധനവില കുതിച്ചുയർന്നിരുന്നു.
ആഗോളഎണ്ണ വിലയിൽ ഇടിവ് തുടരുന്നതിനിടയിലും ഡീസലിന്റെയും ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെയും കയറ്റുമതിക്കുള്ള വിൻഡ്ഫോൾ നികുതി കേന്ദ്രസർക്കാർ കുറച്ചിരുന്നു. ഒരു ബാരലിന് 126 ഡോളറിന് മുകളിലായിരുന്ന ആഗോള ക്രൂഡ് ഓയിൽ വിലയും ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ പരിഹാരത്തിന്റെ പാതയിലായതും ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത തടസത്തിൽ കുറവുവന്നതുമാണ് സാഹചര്യങ്ങൾക്ക് അയവുവരുത്തിയത്.
ഇന്ധന വില വർദ്ധിപ്പിച്ചതോടെ വിമാനടിക്കറ്റ് നിരക്കും കുത്തനെ കൂടുകയായിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ വിമാന കമ്പനികൾ നിരവധി സർവീസുകൾ വെട്ടിക്കുറച്ചിരുന്നു. ഇതിനെത്തുടർന്ന് നിരവധി പ്രവാസികളും യാത്രക്കാരും കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഇപ്പോൾ ഇന്ധനവിലയിലെ കുറവ് ശുഭ സൂചനയായാണ് എല്ലാവരും കണക്കാക്കുന്നത്. നിർത്തിവച്ച സർവീസുകൾ പനഃരാരംഭിക്കുകയും ടിക്കറ്റ് നിരക്ക് പഴയപടിയാവുകയും ചെയ്താൽ യാത്രാ ബുദ്ധിമുട്ടുകൾ അവസാനിക്കുമെന്നാണ് പ്രവാസികളുടെയും പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |