
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ഇന്ത്യാ' സഖ്യത്തിന്റെ സമരം കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ സംഘർഷത്തിൽ കലാശിച്ചെങ്കിൽ ഇന്നലെ സമാധാനപരമായിരുന്നു. രാജ്ഘട്ടിലെ ഗാന്ധി സമാധിയിലെത്തി നേതാക്കൾ പ്രണാമമർപ്പിച്ചു. പുൽമൈതാനത്തിരുന്ന് കേന്ദ്ര സർക്കാരിന് സദ്ബുദ്ധി നൽകണേയെന്ന് പ്രാർത്ഥിച്ചു.
കൊണാട്ട് പ്ലേസിലെ മോയിറ്റ‌്‌സ് ഹോട്ടലിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഒരുക്കിയ ഉച്ചഭക്ഷണത്തിനായി പ്രതിപക്ഷ എം.പിമാർ ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് ഒത്തുചേർന്നു. മൂന്നുമണിയോടെ രാഹുൽ ഗാന്ധി, പ്രിയങ്കഗാന്ധി എന്നിവരടക്കം മൂന്നു ബസുകളിലായി രാജ്ഘട്ടിലേക്ക്. നാലര കിലോമീറ്റർ യാത്രയിൽ റോഡുകൾ നിറഞ്ഞ് പ്രവർത്തകർ അണിനിരന്നു. 5.25ന് നേതാക്കൾ രാജ്ഘട്ടിൽ. മൗനപ്രാർത്ഥനയ്‌ക്കു ശേഷം 6 മണിയോടെ പുറത്തെത്തി പിരിഞ്ഞുപോയി.
ഒരിടത്തും പൊലീസ് യാത്ര തടഞ്ഞില്ല. രാജ്ഘട്ടിൽ ശക്തമായ പൊലീസ് വിന്യാസമുണ്ടായിരുന്നു. എം.പിമാർ തർക്കിച്ചപ്പോൾ കവാടത്തിലെ ബാരിക്കേഡുകൾ മാറ്റി വഴി തുറന്നുകൊടുക്കുകയായിരുന്നു. സി.പി.എം നേതാവ് ജോൺ ബ്രിട്ടാസ്, സി.പി.ഐ നേതാവ് പി. സന്തോഷ് കുമാർ എന്നിവരടക്കം പങ്കെടുത്തു. ചൊവ്വാഴ്‌ച വിട്ടുനിന്ന എസ്.പി., ശിവസേന (ഉദ്ധവ്) എൻ.സി.പി (ശരദ് പവാർ) എം.പിമാരും ഇന്നലെ എത്തിയിരുന്നു. രാജ്ഘട്ടിലെ പ്രാർത്ഥന ഏറ്റവും ശക്തമായ സമരമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
ഇന്ന് രാഷ്ട്രപതിയെ കണ്ടേക്കും
ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് 'ഇന്ത്യാ' സഖ്യം നേതാക്കൾ ഇന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചേക്കും. തൃണമൂൽ നേതാവ് മമത ബാനർജിയും ഇന്ന് ഡൽഹിയിലെത്തും.
ഗ്യാനേഷിന്റെ സുരക്ഷ കൂട്ടി
പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ ഗ്യാനേഷ് കുമാറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. നിലവിലുള്ള ഇസഡ് പ്ലസ് സുരക്ഷയ്‌ക്കു പുറമെ കൂടുതൽ സേനാംഗങ്ങളെ ന്യൂമോത്തി ബാഗ് കോളനിയിലെ വസതിക്കു മുന്നിലും തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലും നിയോഗിച്ചു. കമാൻഡോകൾ അടക്കമാണിത്. അതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂർ യാത്ര മാറ്റിവച്ചു. ഈയാഴ്ച പോകാനായിരുന്നു തീരുമാനിച്ചതെങ്കിലും ഈ മാസം അവസാനത്തേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |