ന്യൂഡൽഹി: പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളിൽ ഒരു തുള്ളി മദ്യം കിട്ടില്ല. ഒക്ടോബർ 9, 10 തീയതികളിൽ മദ്യശാലകൾ പൂർണമായി അടച്ചിടാനാണ് എക്‌സൈസ് വകുപ്പിന്റെ നിർദേശം. ഡൽഹിയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്തും പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
ഒക്ടോബർ 10ന് ജന്തർ മന്ദറിൽ പ്രതിഷേധം നടത്തുമെന്ന് കോക്ക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിയന്ത്രണം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. അതേസമയം പ്രതിഷേധത്തിന് ഡൽഹി പൊലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. നേരത്തെ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ള പ്രതിപക്ഷ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പ്രതിഷേധങ്ങളെ തുടർന്ന് ഡൽഹിയിൽ വൻ പൊലീസ് സന്നാഹമാണ് അധികൃതർ വിന്യസിച്ചിരിക്കുന്നത്. ഒക്ടോബർ എട്ട് മുതൽ 12 വരെ 221 കമ്പനി കേന്ദ്ര സായുധ പൊലീസ് സേനയെ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ഏകദേശം 23,000 സേനാംഗങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. 20,000ത്തോളം ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി വിന്യസിക്കും.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാരിക്കേഡുകളും സി.സി.ടി.വി നിരീക്ഷണവും ശക്തമാക്കും. ഡൽഹിയുടെ അതിർത്തികളിൽ പരിശോധന കർശനമാക്കാനും അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശിനും ഹരിയാനയ്ക്കും ജാഗ്രതാനിർദേശം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇതാദ്യമല്ല ഡൽഹിയിൽ മദ്യവിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് . ജൂലായിൽ വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ബാറുകൾ രാത്രി 10ന് പകരം രാത്രി 8ന് അടയ്ക്കാൻ നിർദേശം നൽകിയിരുന്നു. ഇത്തവണ രണ്ട് ദിവസവും പൂർണമായി അടച്ചിടാനാണ് ഉത്തരവ്.
Delhi has ordered all liquor shops to remain closed on October 9 and 10 due to heightened security concerns surrounding planned protests in the capital. The decision was based on the prevailing situation and inputs from Delhi Police.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |