
ചെന്നൈ: കൊളത്തൂർ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജിയിൽ ഡി.എം.കെ നേതാവും തമിഴ്നാട് മുൻമുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന് മദ്രാസ് ഹൈക്കോടതിയിൽ തിരിച്ചടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിലെ ടി.വി.കെ സ്ഥാനാർത്ഥി വി.എസ്. ബാബുവിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്. ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരിയും ജസ്റ്റിസ് ജി. അരുൾ മുരുകനും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. ഒരു സ്ഥാനാർത്ഥിയുടെ വിജയം ചോദ്യംചെയ്യേണ്ടത് ഇലക്ഷൻ പെറ്റീഷനിലൂടെയാണെന്നും അല്ലാതെ റിട്ട് പെറ്റീഷനിലൂടെയല്ലെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കൊളത്തൂരിലെ മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്നും വി.എസ്. ബാബുവിന്റെ വിജയം റദ്ദാക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. സ്വന്തം കോട്ടയായിരുന്ന കൊളത്തൂരിൽ 8,795 വോട്ടുകൾക്കാണ് സ്റ്റാലിൻ പരാജയപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |