SignIn
Kerala Kaumudi Online
Friday, 04 September 2026 2.32 AM IST

മീശക്കൊമ്പൻ അഭിനന്ദൻ ഇനി മലയാളിയുടെ പൈലറ്റ്

1

വ്യോമസേന വിട്ട് ഫ്ലൈ 91ൽ ചേർന്നു

 തൃശൂർ സ്വദേശിയുടെ വിമാനക്കമ്പനി

ന്യൂ‌ഡൽഹി: അഭിനന്ദൻ വർദ്ധമാൻ. മിഗ് 21മായി പാകിസ്ഥാനിൽ ചെന്ന് എഫ് 16 വെടിവച്ചിട്ട ഇന്ത്യയുടെ ധീരയോദ്ധാവ്. തമിഴ്‌നാട്ടുകാരനായ മീശക്കൊമ്പൻ വ്യോമസേന വിട്ട് സ്വകാര്യ വിമാനക്കമ്പനിയിൽ പൈലറ്റായി ചേർന്നു. അതാകട്ടെ,​ തൃശൂരുകാരൻ മനോജ് ചാക്കോ തുടങ്ങിയ ഫ്ലൈ 91ലും. സേനയിൽ ഗ്രൂപ്പ് ക്യാപ്‌ടനായിരുന്നു അഭിനന്ദൻ.

കിംഗ് ഫിഷറിൽ എക്സിക്യൂട്ടിവ് പ്രസിഡന്റായിരുന്നു മനോജ്. വ്യവസായി ഹർഷ രാഘവനാണ് കമ്പനിയിൽ പങ്കാളി.ഫ്ലൈ 91 ഗോവ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. 6 ചെറുവിമാനങ്ങൾ സ്വന്തമായുള്ള കമ്പനി ചെറുനഗരങ്ങളെ ബന്ധിപ്പിച്ച് 2024 മാർച്ചിൽ സർവീസ് തുടങ്ങി. കൊച്ചി- ലക്ഷദ്വീപ് സർവീസ് ഉൾപ്പെടെയുണ്ട്. 78 സീറ്റുള്ള 40 എ.ടി.ആർ വിമാനങ്ങൾക്ക് അടുത്തിടെ ഓർഡർ നൽകിയ കമ്പനി വൻ വിപുലീകരണത്തിന് ഒരുങ്ങുകയാണ്.

ബലാകോട്ട് ഹീറോ

40 അർദ്ധസൈനികർ വീരമൃത്യു വരിച്ച 2019 ഫെബ്രുവരി14ലെ പുൽവാമ ചാവേർ ആക്രമണത്തിന് മറുപടി നൽകുകയായിരുന്നു ഇന്ത്യ. ഫെബ്രുവരി19ന് ബലാകോട്ടിലെ ഭീകര കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തു. മിറാഷ് 2000 ഉൾപ്പെടെ ഇന്ത്യ ഉപയോഗിച്ചു. അഭിനന്ദൻ പറത്തിയ മിഗ്-21 ബൈസൺ ആക്രണമ ശേഷം മടങ്ങവേ പാക് മിസൈലേറ്റ് തകർന്നു. പാരച്യൂട്ടിൽ സുരക്ഷിതനായി ഇറങ്ങിയ അഭിനന്ദനെ പാക് സേന തടവിലാക്കി. ഇന്ത്യയുടെ സമ്മർദ്ദത്തിന് വഴങ്ങി 60 മണിക്കൂറിന് ശേഷം മോചിപ്പിച്ചു. അസാധാരണ ധീരതയ്‌ക്ക് 2021ൽ വർദ്ധമാന് വീർ ചക്ര നൽകി രാജ്യം ആദരിച്ചു. 43കാരനായ അഭിനന്ദൻ തമിഴ്നാട് തിരുപ്പനമൂർ സ്വദേശിയാണ്.

'വൈറൽ" എ.ഡി.സി

മേജർ ഋഷഭ് സേന വിട്ടു

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ എ.ഡി.സി എന്ന നിലയിൽ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയനായ മേജർ ഋഷഭ് സിംഗ് സാംബിയാൽ 12 വർഷത്തെ സേവനത്തിനുശേഷം കരസേനയിൽ നിന്ന് സ്വയം വിരമിച്ചു. 2021ൽ റിപ്പബ്ലിക് ദിന പരേഡിൽ അദ്ദേഹം നയിച്ച ജാട്ട് റെജിമെന്റിന് മികച്ച മാർച്ചിംഗ് കണ്ടിജെന്റ് അവാർഡ് ലഭിച്ചിരുന്നു. രാഷ്‌ട്രപതിയുടെ സന്തതസഹചാരി ആയതോടെ, സുമുഖനായ ചെറുപ്പക്കാരൻ വൈറൽ ഫിഗറായി. വ്യക്തിപരമായ കാരണങ്ങളാൽ സൈനിക സേവനം മതിയാക്കിയെന്നാണ് ഋഷഭ് സിംഗ് പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360