SignIn
Kerala Kaumudi Online
Monday, 09 November 2026 6.20 PM IST

കേന്ദ്രസർക്കാരിന്റെ ഉറപ്പുകൾ നടപ്പായില്ല,​ കർഷകർ വീണ്ടും തെരുവിലേക്ക്; നവംബർ 26ന് ജന്തർ മന്ദറിൽ പ്രതിഷേധ മാർച്ച്

samyukta-kissan-morcha
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷകർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 26ന് ജന്തർ മന്ദറിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ചരിത്രപരമായ കർഷക സമരത്തിന്റെ ആറാം വാർഷികമായ നവംബർ 26ന് ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. ഡൽഹി എൻസിആറിൽ നിന്നുള്ള കർഷകർ മന്ദിർ മാർഗിൽ ഒത്തുചേരുകയും ജന്തർ മന്ദറിലേക്ക് മാർച്ച് നടത്തുകയും ചെയ്യും. ഉച്ചയ്ക്ക് ഒന്നുമുതലാണ് പ്രതിഷേധം ആരംഭിക്കുക. ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് കർഷകർ സമരത്തിൽ പങ്കുചേരും.

2020ലാണ് കോർപ്പറേറ്റ് അനുകൂല കാർഷിക നിയമങ്ങൾക്കെതിരെ ലക്ഷക്കണക്കിന് കർഷകർ ചരിത്രസമരം നടത്തിയത്. 2021 ഡിസംബർ ഒമ്പതിന് കേന്ദ്രസർക്കാർ ആവശ്യങ്ങൾ നടപ്പാക്കുമെന്ന് ഉറപ്പുനൽകി. എന്നാൽ വാഗ്ദാനങ്ങൾ നിറവേറ്റാത്തതിനെത്തുടർന്നാണ് പുതിയ നീക്കം. എല്ലാ വിളകൾക്കും മിനിമം താങ്ങുവില ഉറപ്പാക്കുക, താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നൽകുക, തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെടുത്തുക, സ്വതന്ത്ര വ്യാപാര കരാറുകൾ ഉപേക്ഷിക്കുക, നാല് തൊഴിൽ കോഡുകൾ പിൻവലിക്കുക, വോട്ടർപട്ടികയിലെ തീവ്ര പരിഷ്കരണം (എസ്ഐആർ) റദ്ദാക്കുക തുടങ്ങിയയാണ് കർഷകരുടെ പ്രധാന ആവശ്യങ്ങൾ.

26ന് നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ ഉറപ്പാക്കാൻ ഗ്രാമങ്ങളിൽ പദയാത്രകളും വീടുകൾ കയറിയുള്ള പ്രചാരണവും സംഘടിപ്പിക്കും. ഇതിനായി തയ്യാറാക്കിയ ലഘുലേഖ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി കർഷകർക്കിടയിൽ വിതരണം ചെയ്യാൻ സംസ്ഥാന ഏകോപന സമിതികൾക്ക് നിർദേശം നൽകിയതായും സംയുക്ത കിസാൻ മോർച്ച അറിയിച്ചു. അതേസമയം,​ ജന്തർ മന്ദറിനെ സമരവേദിയിൽ നിന്ന് ഒഴിവാക്കിയതിനുശേഷമുള്ള ഈ പ്രതിഷേധം ഏറെ ശ്രദ്ധേയമാണ്.

English Summary

Samyukt Kisan Morcha will lead farmers in a protest march to Jantar Mantar on November 26, marking the sixth anniversary of the historic farmers' agitation. Farmers will protest nationwide, demanding legal guarantee for Minimum Support Price (MSP) for all crops, stronger MGNREGA, and withdrawal of labor codes. This action follows the government's failure to fulfill past promises.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FARMERS PROTEST, SAMYUKTA KISAN MORCHA, DELHI FARMERS PROTEST, JANTAR MANTAR PROTEST, FARMERS MSP DEMAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360