SignIn
Kerala Kaumudi Online
Monday, 09 November 2026 8.08 AM IST

അയൺ ഗേറ്റ് ടാസ്‌ക് ഫോഴ്‌സ് : ഇറാന് കരയിലും യു.എസ് പൂട്ട്

f

 തടയാനാകില്ലെന്ന് ഇറാൻ

വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിക്കാനുള്ള മദ്ധ്യസ്ഥ ചർച്ചകൾ തുടരുന്നതിനിടെ, ഇറാനെതിരെ പുതിയ പ്രകോപനവുമായി യു.എസ്. പേർഷ്യൻ, ഒമാൻ ഉൾക്കടലുകളിലെ നാവിക ഉപരോധത്തിന് പുറമേ ഇറാനെതിരെ കരയിലും ഉപരോധം ഏർപ്പെടുത്തും. ഇതിനായി 'അയൺ ഗേറ്റ് " എന്ന ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ഇറാന്റെ കര അതിർത്തികൾ വഴിയും വടക്കൻ കാസ്‌പിയൻ കടൽ വഴിയുമുള്ള ആയുധക്കടത്തും അനധികൃത വസ്തുക്കളുടെ കൈമാറ്റവും നിരീക്ഷിക്കുകയും തടയുകയുമാണ് ലക്ഷ്യം.

സൈനിക ഓഫീസർമാരടക്കം 20 ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് ടാസ്‌ക് ഫോഴ്‌സ്. ഇവരെ മിഡിൽ ഈസ്റ്റിൽ നേരിട്ട് വിന്യസിക്കില്ല. പകരം യു.എസിലെ ഫ്ലോറിഡയിലുള്ള സെൻട്രൽ കമാൻഡ് സൈനിക ആസ്ഥാനത്ത് നിന്നാണ് പ്രവർത്തനം.

യു.എസ് ഇന്റലിജൻസ് ഏജൻസികളുടെയും വിവിധ വകുപ്പുകളുടെയും ഏകോപനത്തോടെ ഇറാനിലെ സൈനിക കേന്ദ്രങ്ങളെയും സാമ്പത്തിക സ്രോതസുകളെയും ഉന്നമിട്ടാണ് പ്രവർത്തനം. അതേസമയം യു.എസിന്റേത് വാചകമടി മാത്രമാണെന്നും കരമാർഗമുള്ള വ്യാപാരം തടയാനാകില്ലെന്നും ഇറാൻ പ്രതികരിച്ചു.

# ആയുധക്കടത്ത്

തടയാൻ


 റഷ്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള അത്യാധുനിക ആയുധ സാമഗ്രികകളും സാങ്കേതിക വിദ്യകളും മദ്ധ്യേഷ്യയിലൂടെ കര മാർഗവും കാസ്‌പിയൻ കടൽ വഴിയും രഹസ്യമായി ഇറാനിലെത്തുന്നു. ഏകദേശം 200 കോടി ഡോളറിന്റെ സൈനിക സാമഗ്രികളും സ്ഫോടക വസ്തുക്കളും ഇറാൻ ഇറക്കുമതി ചെയ്തെന്ന് റിപ്പോർട്ട്

 നാവിക ഉപരോധം മൂലം ഇറാന്റെ എണ്ണക്കയറ്റുമതി ഇതിനോടകം പ്രതിസന്ധിയിൽ. കര ഉപരോധം കൂടിയായാൽ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ വരിഞ്ഞുമുറുക്കാമെന്ന് യു.എസ് കണക്കുകൂട്ടൽ


# ടാങ്കറുകൾ കത്തിച്ചു


അനധികൃത പാതയിലൂടെ കടക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഹോർമുസ് കടലിടുക്കിൽ മൂന്ന് കപ്പലുകളെ കൂടി ഇറാൻ ആക്രമിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഉപരോധം ലംഘിച്ച് ഇറാനിലേക്ക് പോകാൻ ശ്രമിച്ച ചരക്കുക്കപ്പലിനെ യു.എസ് നേവിയും ആക്രമിച്ചു. ശനിയാഴ്ച രാത്രി തെക്കൻ ഇറാനിലുടനീളമുണ്ടായ സ്ഫോടനങ്ങൾ തങ്ങളുടെ ആക്രമണമല്ലെന്ന് യു.എസ് വിശദീകരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360