
ന്യൂഡൽഹി: രാജ്യ തലസ്ഥാനം വിഷപ്പുകയിൽ ശ്വാസംമുട്ടുന്നു. മലിനീകരണത്തിന്റെ പേരിൽ രാഷ്ട്രീയപ്പോര് കടുക്കുന്നു. കലുഷിതം ഡൽഹിയിലെ അന്തരീക്ഷം.
പഞ്ചാബിലെ വൈക്കോൽ കത്തിക്കലാണ് ഡൽഹിയിലെ വായുമലിനീകരണത്തിന് പ്രധാന കാരണമെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയതോടെ വിഷയം പഞ്ചാബ് , ഹരിയാന സർക്കാരുകൾ തമ്മിലുള്ള വാക്പോരിലേക്കും നയിച്ചു. പഞ്ചാബിൽ വൈക്കോൽ കത്തിക്കൽ തടയുന്നതിൽ ഭഗവന്ത് മൻ സർക്കാർ പരാജയപ്പെട്ടെന്ന് ബി.ജെ.പി ആരോപിച്ചു. പഞ്ചാബ് സർക്കാർ വൈക്കോൽ കത്തിക്കൽ പ്രോത്സാഹിപ്പിക്കുകയാണെന്നും പൊലീസ് അതിന് കൂട്ടുനിൽക്കുന്നുവെന്നും ആരോപിച്ചു.
ഹരിയാനയിലെ വൈക്കോൽ കത്തിക്കലും ഡൽഹിയിലെ പ്രാദേശിക മലിനീകരണ സ്രോതസുകളും കാട്ടി പഞ്ചാബ് തിരിച്ചടിച്ചു. ഡൽഹിയിലെ വാഹനപ്പുക, നിർമ്മാണമേഖലയിലെ പൊടി, വ്യവസായ മലിനീകരണം എന്നിവ നിയന്ത്രിക്കുന്നതിൽ വീഴ്ച സംഭവിച്ചു. ഇതിന് ബി.ജെ.പി മറുപടി പറയണമെന്നും പറഞ്ഞു. തീയണയ്ക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളാണ് ബി.ജെ.പി തെറ്റായി വ്യാഖ്യാനിക്കുന്നതെന്ന് ആം ആദ്മി പ്രതികരിച്ചു. ഡൽഹിയിലെ മലിനീകരണത്തിന് പഞ്ചാബിനെ മാത്രം കുറ്റപ്പെടുത്താനാവില്ല. ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലെ സംഭവങ്ങൾ മറച്ചുവച്ചാണ് കുറ്റപ്പെടുത്തുന്നതെന്നും പറഞ്ഞു.
അതേസമയം, ഡൽഹിയിലെ മലിനീകരണത്തിന് വൈക്കോൽ കത്തിക്കൽ മാത്രമല്ല കാരണമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാർഷിക അവശിഷ്ടങ്ങൾ മുൻകൂട്ടി സംഭരിച്ച് സംസ്‌കരിക്കാനുള്ള സംവിധാനം ശക്തിപ്പെടുത്താനും കർഷകർക്ക് സാമ്പത്തിക പ്രോത്സാഹനം ഉറപ്പാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഹരിയാനയിൽ
സംവിധാനം ഫലപ്രദം
അടുത്ത വർഷം പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വൈക്കോൽ കത്തിക്കലിലെ രാഷ്ട്രീയപ്പോര്. പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് സെപ്തംബർ 15 മുതൽ നവംബർ 6 വരെ സംസ്ഥാനത്ത് 3,144 വൈക്കോൽ കത്തിക്കൽ സംഭവങ്ങളുണ്ടായെന്ന് പഞ്ചാബ് കണക്കുനിരത്തുമ്പോൾ ഇതിന് മറുപടിയായി ഹരിയാന സർക്കാർ മുന്നോട്ടുവയ്ക്കുന്നത് വൈക്കോൽ സംസ്‌കരണത്തിനുള്ള പ്രോത്സാഹന പദ്ധതികളാണ്. പഞ്ചാബിൽ തീപിടിത്തങ്ങൾ തുടരുമ്പോൾ ഹരിയാനയിൽ നിയന്ത്രണ സംവിധാനങ്ങൾ ഫലപ്രദമാണെന്നാണ് ബി.ജെ.പിയുടെ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |