ലണ്ടൻ: സാമ്പത്തിക പ്രതിസന്ധിയുടെ നിഴലിൽ ഇംഗ്ലണ്ട് ക്രിക്കറ്റ്. 2027 സാമ്പത്തിക വർഷത്തിൽ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ്‌ബോർഡിന് (ഇ.സി.ബി) 50 ദശലക്ഷം പൗണ്ട് (ഏകദേശം 627കോടി രൂപ) വരെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം നടക്കാത്തതും ഐ.സി.സി സംപ്രേഷണ വരുമാനത്തിൽനിന്നുള്ള വിഹിതം വെട്ടിക്കുറയ്ക്കുന്നതുമാണ് തിരിച്ചടിയാകുന്നത്.
ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം രാജ്യത്തെ ക്രിക്കറ്റ്‌ബോർഡിന് വലിയ സാമ്പത്തികനേട്ടമുണ്ടാക്കുന്ന ഒന്നാണ്. 2027ൽ ഇന്ത്യയുമായി സ്വന്തം മണ്ണിൽ പരമ്പരയില്ലാത്തത് വൻ വരുമാനനഷ്ടത്തിനിടയാക്കും. അതേസമയം, ഐ.സി.സി അംഗരാജ്യങ്ങൾക്ക് നൽകുന്ന സംപ്രേഷണ വരുമാനത്തിന്റെ ഒരു ഭാഗം 2027ൽ തടഞ്ഞുവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. 2028ൽ പുതിയ സംപ്രേഷണ കരാർ നിലവിൽ വരുന്നതിന് മുന്നോടിയായുള്ള നടപടിയാണിത്.
ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പര 2027ൽ ഇംഗ്ലണ്ടിൽ നടക്കുമെങ്കിലും ഇന്ത്യയുടെ പര്യടനത്തിലൂടെ ലഭിക്കുന്ന സാമ്പത്തികനേട്ടത്തിന് തുല്യമാകില്ലെന്നാണ് വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ 35 ദശലക്ഷം പൗണ്ട് (ഏകദേശം 439കോടി രൂപ) ആയി നഷ്ടം പരിമിതപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇ.സി.ബി. ഐ.സി.സി തടഞ്ഞുവയ്ക്കുന്ന തുകയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
2025ൽ 12.6 ദശലക്ഷം പൗണ്ട് ലാഭം രേഖപ്പെടുത്തിയ ബോർഡിനാണ് രണ്ട് വർഷത്തിനുള്ളിൽ ഇത്രയും വലിയ സാമ്പത്തിക തിരിച്ചടി നേരിടേണ്ടിവരുന്നത്. ഇ.സി.ബിയുടെ ആറുവർഷത്തെ സംപ്രേഷണ കരാറും 2028ൽ അവസാനിക്കും.സോണി പിക്‌ചേഴ്സുമായി 185 ദശലക്ഷം പൗണ്ടിന്റെ കരാറാണ് നിലവിലുള്ളത്. പുതിയ കരാറിൽനിന്ന് ഇത്രയും വലിയ വരുമാനം ലഭിക്കാനിടയില്ലെന്ന ആശങ്കയും ബോർഡിനുണ്ട്.
ഇ.സി.ബിയുടെ സാമ്പത്തിക പ്രതിസന്ധി ഇംഗ്ലണ്ടിലെ 18 കൗണ്ടി ടീമുകളെയും ബാധിച്ചേക്കും. ബോർഡിൽനിന്നുള്ള സാമ്പത്തിക വിഹിതത്തെ ആശ്രയിക്കുന്ന കൗണ്ടികളിൽ പത്തെണ്ണവും നിലവിൽ നഷ്ടത്തിലാണ്. വരുമാനവിഹിതം കുറയുന്നതോടെ ഇവയുടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാനാണ് സാദ്ധ്യത.
The England and Wales Cricket Board (ECB) faces potential losses of up to £50 million by 2027. This financial crisis stems primarily from the absence of an Indian tour to England and a reduction in ICC broadcast revenue share. The significant setback follows a 2025 profit and threatens to impact numerous county teams, many already struggling financially.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |