
ചെന്നൈ: ദേശീയ രാഷ്ട്രീയത്തിൽ ഡി.എം.കെ പ്രതിപക്ഷ ഐക്യത്തെ ശക്തിപ്പെടുത്തിയപ്പോൾ ടി.വി.കെ സർക്കാർ അതിനെ ദുർബലമാക്കിയെന്ന് ഡി.എം.കെ നോതാവ് കനിമൊഴി. കഴിഞ്ഞ ഡി.എം.കെ സർക്കാർ, കേന്ദ്ര-സംസ്ഥാന ബന്ധത്തെക്കുറിച്ച് പഠിച്ച് ശുപാർശ നൽകാൻ വിരമിച്ച ജഡ്ജി കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചിരുന്നു. ആ സമിതിയെ ടി.വി.കെ സർക്കാർ പിരിച്ചുവിട്ടു. ഇതിനെ തുടർന്നാണ് കനിമൊഴിയുടെ ആരോപണം. സർക്കാർ നടപടിക്കെതിരെ സി.പി.ഐ രംഗത്തെ
ത്തിയിട്ടുണ്ട്. അതേസമയം ബി.ജെ.പി സർക്കാർ നപടിയെ സ്വാഗതം ചെയ്തു. സമിതി പിരിച്ചുവിട്ടതിലൂടെ 'ഡമ്മി" മുഖ്യമന്ത്രി തമിഴ്നാടിനോട് ദ്രോഹം ചെയ്തെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചു. സമിതി പിരിച്ചുവിട്ടത് ശരിയായ നടപടിയല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യൻ പറഞ്ഞു.
എന്നാൽ കേന്ദ്ര-സംസ്ഥാന ബന്ധം പഠിക്കാൻ സംസ്ഥാന നിയമ കമ്മിഷൻ ഉൾപ്പെടെ പല ഭരണഘടനാ സംവിധാനങ്ങളുമുണ്ടെന്നും എന്നിട്ടും സമിതി രൂപീകരിച്ചത് പണം പാഴാക്കൽ മാത്രമായിരുന്നുവെന്നും ബി.ജെ.പി വക്താവ് നാരായണൻ തിരുപ്പതി പ്രതികരിച്ചു.
തമിഴ്നാടിന്റെ അവകാശങ്ങൾ കാക്കാനും ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ അവകാശ പോരാട്ടത്തിന് വഴികാട്ടാനുമായി ഡി.എം.കെ സർക്കാർ രൂപീകരിച്ച ഉന്നതതല സമിതിയെ പിരിച്ചുവിട്ടത് അപലപനീയമാണ്. ഈ സമിതി നേരത്തെ തന്നെ തങ്ങളുടെ പഠന റിപ്പോർട്ടിന്റെ ആദ്യ ഭാഗം സമർപ്പിച്ചിട്ടുണ്ട്. സമിതിയുടെ ജോലി പൂർണമാകുംമുമ്പ് പിരിച്ചുവിടാൻ കാരണമെന്താണ്. സംസ്ഥാന സ്വയംഭരണ നയത്തോടുള്ള വെറുപ്പാണോ, അതോ ഡൽഹി ഭരിക്കുന്നവരുടെ ഉത്തരവാണോ.
-കനിമൊഴി
ഡി.എം.കെ സർക്കാരിനെതിരെയുള്ള കോയമ്പത്തൂർ ലൈബ്രറി അഴിമതി വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് പുതിയ വിവാദം. വിജയ് സർക്കാർ അധികാരമേറ്റ ശേഷം, കേന്ദ്രസംസ്ഥാന ബന്ധങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാൻ പുതിയ നിയമ കമ്മിഷൻ രൂപീകരിച്ചിട്ടുണ്ട്. ആ കമ്മിഷൻ തന്നെ കേന്ദ്രസംസ്ഥാന ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശുപാർശകൾ നൽകും.
- മന്ത്രി നിർമ്മൽകുമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |