
പൂനെയിൽ ഉത്പാദനം തുടങ്ങി
ഒറ്റ ചാർജിൽ 711 കിലോമീറ്റർ സഞ്ചാരശേഷി
കൊച്ചി: ഇന്ത്യയിലെ ആഡംബര ഇലക്ട്രിക് വാഹന വിപണിയിൽ സാന്നിദ്ധ്യം ശക്തമാക്കാൻ മെഴ്‌സിഡീസ് ബെൻസ്. പുതിയ ഇലക്ട്രിക് ജി.എൽ.സി 400 4മാറ്റിക് എസ്.യു.വിയുടെ പ്രാദേശിക ഉത്പാദനം പൂനെയിലെ ചക്കാൻ പ്ലാന്റിൽ ആരംഭിച്ചു. 78.50 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. നവംബർ പകുതിയോടെ ഉപഭോക്താക്കൾക്ക് വാഹനങ്ങൾ കൈമാറും.
കമ്പനിയുടെ പുതിയ തലമുറ ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോമായ എം.ബി.ഇ.എ-എം അടിസ്ഥാനമാക്കി ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ മെഴ്‌സിഡീസ് മോഡലാണിത്. 94 കിലോവാട്ട് അവർ ബാറ്ററിയുള്ള വാഹനത്തിന് ഒറ്റ ചാർജിൽ 711 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നാണ് ഡബ്ല്യു.എൽ.ടി.പി. പരിശോധനാ മാനദണ്ഡപ്രകാരമുള്ള അവകാശവാദം. ഇരട്ട മോട്ടോറുകൾ ചേർന്ന് 489 കുതിരശക്തിയും 800 എൻ.എം ടോർക്കും നൽകും. 800 വോൾട്ട് സാങ്കേതികവിദ്യയും 330 കിലോവാട്ട് ഡി.സി ഫാസ്റ്റ് ചാർജിംഗ് സൗകര്യവുമുണ്ട്.
നിക്ഷേപം 200 കോടി രൂപ
വാഹനത്തിന്റെ ഉത്പാദനത്തിനും സാങ്കേതിക വികസനത്തിനുമായി 2026ൽ 200 കോടി രൂപയുടെ അധിക നിക്ഷേപവും മെഴ്‌സിഡീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ കമ്പനിയുടെ ആകെ നിക്ഷേപം 3,200 കോടി രൂപയായി. ആഡംബര ഇ.വി വിപണിയിൽ പ്രാദേശിക ഉത്പാദനം വിപുലമാക്കാനുള്ള കമ്പനിയുടെ നീക്കമായാണ് പുതിയ മോഡലിന്റെ നിർമ്മാണത്തെ വിലയിരുത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |