
ഹൈദരാബാദ്: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ആറുപേർ മരിച്ച സംഭവത്തിൽ വിശദീകരണവുമായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). ക്ഷേത്രപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ടിടിഡിയാണ്. ദേഹാസ്വാസ്ഥ്യമുണ്ടായ സ്ത്രീയെ പുറത്തെത്തിക്കാൻ ഗേറ്റ് തുറന്നതാണ് സംഘർഷത്തിന് കാരണമായതെന്ന് ടിടിഡി ചെയർമാൻ ബി ആർ നായിഡു പറഞ്ഞു.
ഭരണകൂടത്തിന്റെ വീഴചയാണ് അപകടത്തിന് കാരണമായത്. ഒരു ഗേറ്റ് തുറന്നതും ആളുകൾ അവിടേയ്ക്ക് ഇരച്ചുകയറുകയായിരുന്നു. മരണപ്പെട്ട ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അപകടത്തിൽ മരിച്ചവരുടെ കുടുംബത്തെ സന്ദർശിക്കുമെന്നും ബി ആർ നായിഡു വ്യക്തമാക്കി.
അപകടത്തിൽ മരണപ്പെട്ട ആറുപേരിൽ ഒരാളായ തമിഴ്‌നാട് സേലം സ്വദേശി മല്ലികയ്ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ബൈരാഗി പട്ടിക പാർക്കിലെ ടോക്കൺ കൗണ്ടറിൽ വരിനിൽക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെ ആശുപത്രിയിലെത്തിക്കാനാണ് ഒരു ഗേറ്റ് തുറന്നത്. ഇതുകണ്ട ആളുകൾ ഇരച്ചുകയറിയതാണ് തിക്കിനും തിരക്കിനും കാരണമായത്.
തിരുപ്പതി ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ടിടിഡി ബോർഡ് അംഗമായ ഭാനു പ്രകാശ് റെഡ്ഡി പറഞ്ഞു. ഭക്തരോട് മാപ്പ് ചോദിക്കുന്നു. സംഭവത്തിൽ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുമല തിരുപ്പതി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി കൂപ്പൺ വിതരണത്തിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്നുപേർ സ്ത്രീകളാണ്. നാളെയാണ് തിരുപ്പതിയിൽ വൈകുണ്ഠ ഏകാദശി നടക്കുന്നത്. ഇതിന്റെ ഭാഗമായി വൈകുണ്‌ഠ ദ്വാര ദർശനത്തിനുള്ള കൂപ്പൺ വിതരണത്തിനായി 90 കൗണ്ടറുകളാണ് തുറന്നിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |