ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ യുഎഇ ടാങ്കറുകൾക്കുനേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ ക്രൂ അംഗം കൊല്ലപ്പെട്ടതിൽ ഇറാൻ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി ഇന്ത്യ. ആക്രമണത്തിൽ ആറ് ഇന്ത്യക്കാരും രണ്ട് യുക്രെയ്ൻ സ്വദേശികളുമുൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. ടെഹ്‌റാനിൽ യുഎസ് നടത്തിയ ആക്രമണത്തെത്തുടർന്ന് ഇറാൻ തിരിച്ചടിക്കുകയായിരുന്നു.
ആക്രമണത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഡെപ്യൂട്ടി ചീഫ് ഒഫ് മിഷൻ മുഹമ്മദ് ജാവേദ് ഹൊസൈനിയെയും മറ്റ് ഇറാനിയൻ നയതന്ത്രജ്ഞരെയും ഇന്ത്യ വിളിച്ചുവരുത്തിയത്.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സംഘർഷങ്ങൾ ഉടനടി ലഘൂകരിക്കുന്നതിനുമാവശ്യമായ ചർച്ചകളിൽ പരിഹാരമുണ്ടാകണമെന്ന് ആക്രമണത്തിനുപിന്നാലെ വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. വാണിജ്യ കപ്പലുകൾക്കും പൗരന്മാരുടെ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണം അവസാനിപ്പിക്കണം. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി മേഖലയിലെ അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും തടസമില്ലാത്തതുമായ ഗതാഗതവും വാണിജ്യവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും പ്രസ്താവനയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യുഎഇ ടാങ്കറുകളായ മൊംബാസ, അൽ ബഹിയാഹ് എന്നീ ടാങ്കറുകൾക്കുനേരെയാണ് ആക്രമണമുണ്ടായത്. ഒമാനി ജലപാതയിലൂടെ കടന്നുപോകുന്നതിനിടെ ഇറാനിയൻ ക്രൂസ് മിസൈലുകൾ ടാങ്കറുകളിൽ പതിക്കുകയായിരുന്നു. ഇറാന്റെ ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്ന് യുഎഇ പ്രസ്‌താവനയിൽ ആരോപിച്ചു. അതേസമയം, ഇറാനുനേരെ പുതിയ ആക്രമണത്തിന് തുടക്കമിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനുനേരെ ശക്തമായ ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
India summoned Iran’s Deputy Ambassador after an Iranian attack on UAE tankers in the Strait of Hormuz killed an Indian crew member and injured seven others. India expressed concern, urged immediate de-escalation, and called for restoring peace, safe navigation, and uninterrupted international trade routes while seeking a diplomatic resolution to the conflict.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |