
ഗ്ളാസ്ഗോ കോമൺവെൽത്ത് ഗെയിംസ് സമാപിച്ചു
അടുത്ത ഗെയിംസ് അഹമ്മദാബാദിൽ
ഗ്ളാസ്ഗോ : മത്സരഇനങ്ങളിലും പങ്കാളിത്തത്തിലും കുറവുണ്ടായിരുന്നെങ്കിലും ആവേശം ഒട്ടും ചോരാതിരുന്ന 23-ാമത് കോമൺവെൽത്ത് ഗെയിംസിന് ഗ്ളാസ്ഗോയിൽ കമനീയ സമാപനം. അടുത്ത ഗെയിംസിന് ആതിഥ്യം വഹിക്കുന്ന അഹമ്മദാബാദ് സമാപനച്ചടങ്ങിൽ കോമൺവെൽത്ത് പതാകയും ക്വീൻസ് ബാറ്റണും ഏറ്റുവാങ്ങി. ഇന്ത്യയുടേയും ഗുജറാത്തിന്റേയും സാംസ്കാരിക പാരമ്പര്യവും കായിക പാരമ്പര്യവും വിളിച്ചോതുന്ന കാലാപ്രകടനത്തിനും ഗ്ളാസ്ഗോയിലെ ഹൈഡ്രോ ഇൻഡോർ അരീന വേദിയായി. സമാപനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ബോക്സിംഗിൽ സ്വർണം നേടിയ ജാസ്മിൻ ലംബോറിയയാണ് ഇന്ത്യൻ പതാകയേന്തിയത്.
ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ് സംഘ്‌വിയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘം സമാപനവേദിയിലെത്തിയത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു. 150-ാം വാർഷികം ആഘോഷിക്കുന്ന വന്ദേമാതരത്തിന് ആദരമർപ്പിച്ചുകൊണ്ടാണ് ഇന്ത്യൻ കലാവിരുന്നിന് തുടക്കമായത്. ഇന്ത്യൻ സംഗീതജ്ഞൻ റിഷഭ് റിഖിറാം ശർമ്മയും സ്കോട്ടിഷ് പാരമ്പര്യ സംഗീതജ്ഞൻ റോസ് ഐൻസ്‌ലിയും ചേർന്നവതരിപ്പിച്ച ജുഗൽബന്ദി,ശങ്കർ മഹാദേവന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഗായകസംഘത്തിന്റേയും നൃത്തസംഘത്തിന്റെയും പ്രകടനങ്ങളുമുണ്ടായിരുന്നു.
സ്കോട്ടിഷ് റോക്ക് ബാൻഡ് സിംപിൾ മൈൻഡിന്റെ പ്രകടനത്തോടെയാണ് സമാപനച്ചടങ്ങിലെ കലാവിരുന്നുകൾക്ക് തുടക്കമായത്. വിഖ്യാത ഗായകരായ കാമി ബാൺസ്, ബെംസ്,സാൻഡി തോം,ഓസ്ട്രേലിയൻ സിംഗർ ഡെൽറ്റ ഗൂഡ്രെം തുടങ്ങിയവരും വേദിയിൽ അണിനിരന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |