
ന്യൂഡൽഹി: ഡൽഹി ജന്തർമന്ദറിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ നുഴഞ്ഞു കയറി കലാപമുണ്ടാക്കാൻ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് പദ്ധതിയിട്ടെന്ന് റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ പുർബ ബർധമാനിൽ അറസ്റ്റിലായ ഹമീം മൊണ്ടലാണ് വെളിപ്പെടുത്തിയത്.
പൊലീസ് യൂണിഫോമിൽ ജന്തർമന്ദറിലെ ആൾക്കൂട്ടത്തിനിടയിൽ കുഴപ്പമുണ്ടാക്കാൻ പാകിസ്ഥാനിൽ നിന്ന് ഹമീമിന് നിർദ്ദേശം ലഭിച്ചിരുന്നു. വിദ്യാർത്ഥി പ്രതിഷേധത്തിൽ പാക് ഇടപെടലുണ്ടായെന്ന് ഡൽഹി പൊലീസ് സംശയിച്ചിരുന്നു. ഭീകര റിക്രൂട്ട്‌മെന്റ്, മയക്കുമരുന്ന് - ഭീകര പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട ഷഹ്‌സാദ് ഭട്ടി ഗ്യാംഗുമായി ബന്ധമുള്ള പാക് ഹാൻഡ്‌ലർമാരുടെ നിർദ്ദേശപ്രകാരമാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
' റാന", 'ഉസൈർ", 'ആബിദ് ജാട്ട് 333", 'ഹമദ്" എന്നീ പാക് ഹാൻഡ്‌ലർമാരുമായുള്ള വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, എലമെന്റ് ചാറ്റുകൾ ഫോണിൽ കണ്ടെത്തി. യു.കെ, മെക‌്‌സിക്കോ രാജ്യങ്ങളിലെ അന്താരാഷ്ട്ര സിം കാർഡുകൾ പിടിച്ചെടുത്തു.
പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നീക്കങ്ങൾ നിരീക്ഷിക്കാനും ഹമീമിനെ ചുമതലപ്പെടുത്തിയിരുന്നു. പ്രവർത്തകരെ റിക്രൂട്ട് ചെയ്യുക, ബംഗാളിൽ ഭീകര പ്രവർത്തനങ്ങൾക്ക് കളമൊരുക്കുക എന്നീ ചുമതലകളും നൽകി. അഞ്ചു മാസം മുൻപാണ് ഇയാളെ പാക് ഭീകരസംഘടന റിക്രൂട്ട് ചെയ്തത്.
ജാർഖണ്ഡ് മന്ത്രി ഉമേഷ് റേയുടെ മകനെ ഹണിട്രാപ്പിൽപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ അർപിത സർക്കാർ എന്ന യുവതിയിൽ നിന്നാണ് ഹമീമിന്റെ വിവരങ്ങൾ ലഭിച്ചത്. ഹമീം വഴി പരിചയപ്പെടുന്ന രാഷ്‌ട്രീയക്കാരെ ഹണിട്രാപിൽ വീഴ‌്ത്തുകയാണ് അർപിതയുടെ ജോലി. നാലു വർഷം മുൻപ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടതാണ് ഇരുവരും. രണ്ടുപേരെയും 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |