
ന്യൂഡൽഹി: ബംഗ്ളാദേശിൽ നിന്ന് പാലായനം ചെയ്‌ത് ഇന്ത്യയിൽ ഒളിജീവിതം നയിക്കുന്ന മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന 5 ന് ആദ്യമായി ന്യൂഡൽഹിയിൽ നടക്കുന്ന പൊതു ചടങ്ങിൽ പങ്കെടുക്കും. സൗത്ത് ഏഷ്യൻ ഫോറിൻ കറസ്പോണ്ടന്റ്‌സ് ക്ലബ് അന്ന് വൈകിട്ട് ആറിന് ഡൽഹി മഥുര റോഡിലെ സർ മാർക്ക് ടുള്ളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഓൺലൈനായാണ് ഹസീന പങ്കെടുക്കുക.
2024 ആഗസ്റ്റ് അഞ്ചിന് ഷേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ നിന്ന് പുറത്തായതിന്റെ രണ്ടാം വാർഷികദിനത്തിൽ നടക്കുന്ന പരിപാടിയിൽ മകൻ സജീബ് വസീദ് ജോയ്, മുൻ ബംഗ്ളാദേശ് മന്ത്രി മൊഹിബുൾ ഹസൻ ചൗധരി നൗഫെൽ, ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ, മുൻ നയതന്ത്രജ്ഞൻ അനിമുൾ ഹോക്ക് പൊളാഷ്, എഴുത്തുകാരൻ അബു ഒബൈദ അരിൻ, അഭിഭാഷകൻ ഷാ മുഹമ്മദ് ബക്തിയാർ എന്നിവരും പങ്കെടുക്കും. 2024ൽ ബംഗ്ളാദേശിൽ നിന്ന് പാലായനം ചെയ്‌ത് ഡൽഹിയിൽ വിമാനമിറങ്ങിയ ശേഷം അഞ്ജാത കേന്ദ്രത്തിൽ കഴിയുന്ന 78കാരിയായ ഹസീന ആദ്യമായാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്.
അർഹമായ ബഹുമാനത്തോടും അന്തസ്സോടും കൂടിയാണ് ഇന്ത്യയിൽ കഴിയുന്നതെങ്കിലും ജനങ്ങൾക്കായി മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് ഹസീന പറഞ്ഞിരുന്നു. എന്നെ അറസ്റ്റ് ചെയ്‌ത് ജയിലിലിട്ടേക്കാം. ഒരു പക്ഷേ ഞാൻ കൊല്ലപ്പെട്ടേക്കാം. എന്റെ വിധിയെക്കുറിച്ച് പൂർണ്ണമായി അറിയാം. എന്നാലും, എന്റെ ജനങ്ങളുടെ വിളി കേട്ട് മടങ്ങാൻ ആഗ്രഹിക്കുന്നു-വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഹസീന പറഞ്ഞു.
വിദ്യാർത്ഥി പ്രക്ഷോഭത്തിൽ 1,400 പേർ കൊല്ലപ്പെട്ടതിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ബംഗ്ലാദേശ് കോടതി ഹസീനയ്‌ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഹസീനയെ കൈമാറണമെന്ന് ബംഗ്ളാദേശിലെ ഇടക്കാല സർക്കാർ ആവശ്യപ്പെടുകയും ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |