SignIn
Kerala Kaumudi Online
Saturday, 27 June 2026 9.25 AM IST

വ്യോമാതിർത്തിയിൽ അജ്ഞാത ഡ്രോണുകൾ; വിമാനങ്ങൾക്ക് ഭീഷണിയാവുമെന്ന് സംശയം, വിമാനത്താവളം അടച്ചുപൂട്ടി

READ ENGLISH VERSION
manippur-airport-

ഇംഫാൽ: അജ്ഞാത ഡ്രോണുകൾ വ്യോമാതിർത്തിയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇംഫാലിലെ ബിർ തികെന്ദ്രജിത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് അജ്ഞാത ഡ്രോൺ വ്യോമാതിർത്തിയിലൂടെ പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തെ തുടർന്ന് ഇംഫാലിൽ നിന്ന് പുറപ്പെടേണ്ട ചില വിമാനങ്ങൾ റദ്ദാക്കി. മറ്റ് സ്ഥലങ്ങളിൽ നിന്നും ഇംഫാലിലേക്ക് പുറപ്പെട്ട വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചുവിട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മണിപ്പൂർ സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നവംബർ 23 വരെ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം ഉണ്ടായത്.

കഴിഞ്ഞ മേയ് മുതൽ രാജ്യത്തെ പോലും ഞെട്ടിച്ച കലാപത്തിനാണ് മണിപ്പൂർ സാക്ഷിയായത്. മേയ് മൂന്നിനാണ് മണിപ്പൂരിൽ മലനിരകളിൽ താമസിക്കുന്ന കുക്കി വിഭാഗക്കാരും താഴ്വരയിലെ മെയ്തി വിഭാഗവും തമ്മിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. മണിപ്പൂരിൽ മെയ്തി ഗോത്രത്തിൽപ്പെട്ട സമതലപ്രദേശക്കാരും കുക്കി, നാഗ ഗോത്രങ്ങളിൽ നിന്നുള്ള മലയോര ജനതയും തമ്മിലുള്ള തർക്കമാണ് പ്രധാന കാരണം.

മെയ്തികൾക്ക് പട്ടികവർഗപദവി നൽകാൻ മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് പറഞ്ഞതാണ് സംസ്ഥാനത്ത് കലാപത്തിന് തിരികൊളുത്തിയത്. തങ്ങൾക്കുള്ള പട്ടികവർഗ സംവരണത്തെ ഇതു ബാധിക്കുമെന്ന് കുക്കികളും നാഗവിഭാഗക്കാരും ഭയന്നു. സംസ്ഥാനത്തെ ജനസംഖ്യയിൽ ഏതാണ്ട് 60 ശതമാനത്തോളം സമതലങ്ങളിൽ താമസിക്കുന്ന മെയ്തി വിഭാഗമാണ്. ഇതിലേറെയും ഹിന്ദുമതത്തിൽ വിശ്വസിക്കുന്നവരും. ഭൂരിഭാഗം കുക്കികളും ബ്രിട്ടീഷ് ഭരണകാലത്ത് അമേരിക്കൻ ബാപ്റ്റിസ്റ്റ് മിഷനറിമാരുടെ സ്വാധീനത്തിൽ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരാണ്.

പോപ്പി(ലഹരി മരുന്ന്) കൃഷിയിലൂടെ വൻതോതിൽ പണമുമുണ്ടാക്കുന്ന കുക്കികൾ മയക്കുമരുന്ന് വിപണനം പ്രോത്സാഹിപ്പിക്കുന്നുവെന്നും മ്യാൻമാറിലെ ഭീകര സംഘടനകളുടെ മറവിൽ ചൈനയുടെ സഹായം പറ്റുന്നുവെന്നും മെയ്തികൾ ആരോപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MANIPUR, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360